ഓമനത്തം തുളുമ്പുന്ന മുഖം, പക്ഷേ അപകടകാരികൾ; കുവൈത്തിൽ അപൂർവയിനം ജീവിയായ മണൽപൂച്ചയെ കണ്ടെത്തി

  • 06/08/2025



കുവൈത്ത് സിറ്റി: അപൂർവയിനം ജീവിയായ മണൽപൂച്ചയെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കുവൈത്ത് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി. ഈ ജീവിയെ സംരക്ഷിക്കുന്നതിന് സമൂഹത്തിന്റെ അവബോധം, ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള പിന്തുണ എന്നിവ ആവശ്യമാണെന്ന് സൊസൈറ്റി അഭിപ്രായപ്പെട്ടു. പക്ഷി സംരക്ഷണ ടീമംഗമായ തലാൽ അൽ മുവൈസ്രിയാണ് പൂച്ചയെ കണ്ടെത്തിയത്. ഈ ജീവി മരുഭൂമിയുടെ പ്രതീകവും ജൈവവൈവിധ്യത്തിന്റെ സാക്ഷിയുമാണെന്ന് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു. ഭാവി തലമുറകളോടുള്ള നമ്മുടെ കടമയാണിതെന്നും കൂട്ടിച്ചേർത്തു.

മണൽപൂച്ച വളരെ ജാഗ്രതയുള്ള ജീവിയാണ്. അതിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അതിനെ ട്രാക്ക് ചെയ്യാനോ നിരീക്ഷിക്കാനോ പ്രയാസമാണ്. മണല്‍പൂച്ചകളെ കണ്ടാല്‍ വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖമാണെങ്കിലും തീവ്ര അക്രമണ സ്വഭാവമുള്ള വന്യജീവികളുടെ ഗണത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലുപ്പം കൊണ്ട് ചെറുതാണ്. മങ്ങിയ ബ്രൗണ്‍ മുതല്‍ ഇളം ചാര നിറമാണ് ഇവയുടേത്. വിശാലമായ തലയും വലിയ കണ്ണുകളും കൂര്‍ത്ത ചെവികളുമാണ്. ചെറിയ കാലുകളില്‍ കറുത്ത വരകളും കവിളുകളില്‍ ചുമപ്പ് പാടുകളുമുണ്ട്. വാലിനും നീളമേറെയാണ്. മാംസഭുക്കുകളായ ഇവ മനുഷ്യരോട് ഒട്ടും ഇണങ്ങില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എതിരെ വരുന്നവരെ കടിച്ചു പരിക്കേല്‍പ്പിക്കുന്ന തരത്തില്‍ അക്രമിക്കും. 'മതാനിജ്' എന്നറിയപ്പെടുന്ന മണലുള്ളതും ചരലുള്ളതുമായ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം. റംത്, അർഫജ് തുടങ്ങിയ കുറ്റിച്ചെടികളുള്ള ചില പ്രദേശങ്ങളിലും ഇവയെ കാണാൻ സാധിക്കുമെന്ന് അല്‍ മുവൈസ്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ഗവേഷണങ്ങളും പാരിസ്ഥിതിക നിരീക്ഷണങ്ങളും നടത്തേണ്ടതുണ്ടെന്ന് സൊസൈറ്റി വ്യക്തമാക്കി.

Related News