എടുത്ത് ഓടിയ ഏഷ്യാ കപ്പ് തിരികെ തരാം, പക്ഷെ ഒരു നിബന്ധനയുണ്ടെന്ന് നഖ്‌വി

  • 30/09/2025

കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നിരുന്നു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ വിജയാഘോഷം തുടങ്ങി.


ഇപ്പോഴിതാ ട്രോഫി നൽകാൻ താൻ തയ്യാറാണെന്നും എന്നാൽ അതിന് ഒരു നിബന്ധനയുണ്ടെന്നും പറയുകയാണ് മൊഹ്‌സിൻ നഖ്‌വി. ക്രിക്ക്ബസാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. ഏഷ്യാ കപ്പും മെഡലുകളും ഇന്ത്യക്ക് തരാൻ താൻ തയ്യാറാണെന്നും എന്നാൽ ഇതിന് ഒരു ഔദ്യോഗിക ചടങ്ങ് വേണം, അവിടെ വെച്ച് താൻ തന്നെ അവാർഡ് നൽകണമെന്നുമാണ് നഖ്‌വിയുടെ നിബന്ധന എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ഇത്തരമൊരു ഉപാധി ബിസിസിഐ അംഗീകരിക്കുമോ എന്ന് കണ്ടറിയണം. പാകിസ്താൻ താരങ്ങൾ ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിന് ശേഷം ഗ്രൗണ്ടിലെത്താൻ വൈകിയിരുന്നു. പിന്നാലെ നഖ്‌വിയുടെ കയ്യിൽ നിന്നും ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യൻ താരങ്ങൾ തയ്യാറാകാതെയും വന്നു. ഇതോടെ നഖ്‌വി ട്രോഫിയുമായി ഗ്രൗണ്ട് വിടുകയായിരുന്നു.

Related News