ആദർശാധിഷ്ഠിത കുടുംബജീവിതത്തിന്റെ പ്രാധാന്യം വലുതാണ്: കെ.എൻ സുലൈമാൻ മദനി

  • 09/11/2025


കുവൈത്ത് സിറ്റി : സമൂഹത്തിന്റെ അടിത്തറയാണ് കുടുംബമെന്ന് കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറ് കെ.എൻ സുലൈമാൻ മദനി. റിഗ്ഗായ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ആദർശ കുടുംബ സംഗമത്തൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെ മാനസിക, ശാരീരിക, ബുദ്ധിപര, ആത്മീയ വളർച്ച എന്നിവയ്ക്ക് പ്രധാന വേദിയാണ് കുടുംബം. കുട്ടികളുടെ ഭാഷ, സ്വഭാവം, പെരുമാറ്റം തുടങ്ങിയവ കുടുംബാന്തരീക്ഷത്തിൽ തന്നെയാണ് രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ കുടുംബം മതബോധത്തിന്റെ പ്രാഥമിക വിദ്യാലയമാണ്. 

ഇസ്‌ലാമിൻ്റെ കാഴ്ചപ്പാടിൽ മാതൃകാകുടുംബത്തിന്റെ മുഖ്യ സവിശേഷത, തൗഹീദിലും ഇബാദത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കുന്നതാണ്. ഏകദൈവവിശ്വാസം കുടുംബജീവിതത്തിന് ആത്മീയ ബലവും ആത്മീയ ഏകതയും നൽകുന്നു. മാതാപിതാക്കൾ തൗഹീദിന്റെയും ഇമാനിന്റെയും പ്രഥമ പാഠം കുട്ടികൾക്ക് നൽകേണ്ട ഉത്തരവാദിത്വമുള്ളവരാണ്.

ഇസ്‌ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ ഖുർആനും സുന്നത്തുമാണ്. ഈ ദിവ്യ മാർഗ്ഗനിർദ്ദേശങ്ങൾ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ശരിയായ ദിശാബോധം നൽകുന്നു. അതനുസരിച്ചുള്ള ജീവിതം ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് പരിശീലിപ്പിക്കേണ്ടതാണ്.

ഇസ്‌ലാം തർബിയ്യയ്ക്ക് (ധാർമികവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്ക്) വലിയ പ്രാധാന്യം നൽകുന്നു. കുട്ടികൾക്ക് ഖുർആൻ പഠനം, ഇസ്‌ലാമിക അറിവ്, നല്ല സ്വഭാവം, ശീലങ്ങൾ എന്നിവ കുടുംബത്തിൽ നിന്നും ലഭിക്കണം. കൂടാതെ, അവരുടെ കഴിവുകളും അഭിരുചികളും മനസ്സിലാക്കി വിദ്യാഭ്യാസത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും മുന്നോട്ട് നയിക്കുക മാതാപിതാക്കളുടെ കടമയാണ്.

ഇന്നത്തെ കാലഘട്ടത്തിൽ കുടുംബജീവിതം നിരവധി വെല്ലുവിളികൾ നേരിടുന്നു. മാധ്യമങ്ങളുടെ അനിയന്ത്രിത ഇടപെടൽ, സാമൂഹ്യമാധ്യമങ്ങളുടെ അമിതോപയോഗം, ഉപഭോഗവാദം, അനാചാരങ്ങൾ, മതബോധത്തിന്റെ കുറവ് തുടങ്ങിയവ അവയിൽ ചിലതാണ്. ഈ സാഹചര്യത്തിൽ, മാതാപിതാക്കൾ ടെക്നോളജി ഉപയോഗത്തിൽ മാതൃകയാകുകയും കുടുംബസമയം സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സുലൈമാൻ മദനി വിശദീകരിച്ചു. 

ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡറ് അബ്ദുൽ അസീസ് സലഫി, സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. ആമിർ അനസ് ഖിറാഅത്ത് നടത്തി.

Related News