കല(ആർട്ട്) കുവൈറ്റ് "നിറം 2025" സംഘാടക സമിതി രൂപീകരിച്ചു

  • 04/11/2025


ശിശുദിനത്തോടനുബന്ധിച്ച് കല(ആർട്ട്) കുവൈറ്റ് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് നവംബർ 14 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിക്കുന്ന "നിറം 2025" ചിത്ര രചനാ മത്സരം വൻവിജയമാക്കുന്നതിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. 

കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് പി കെ ശിവകുമാറിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഹെവൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനർ ജിയാഷ് അബ്ദുൾ കരീം കാര്യപരിപാടികൾ വിശദീകരിച്ചു. സുനിൽ കുമാർ, മുകേഷ് വി പി, അനീച്ച ഷൈജിത് എന്നിവർ രെജിസ്ട്രേഷനെ കുറിച്ചും മത്സര രീതിയെക്കുറിച്ചും വിശദീകരിച്ചു. ട്രെഷറർ അജിത് കുമാർ സാമ്പത്തിക കാര്യങ്ങൾ വിശദീകരിച്ചു. ഉച്ചയ്ക്ക് ശേഷം ഒരുമണിക്ക് മത്സരം ആരംഭിക്കും. 12 മണിതൊട്ട് രെജിസ്ട്രേഷൻ കൗണ്ടറുകൾ സജ്ജമാകും.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രോഗ്രാം ജോയിന്റ് കൺവീനർ മാരായി സുമേഷ്, പ്രവീൺ, ഷൈനി ശ്രീനിവാസ് എന്നിവരെ തിരഞ്ഞെടുത്തു. വോളണ്ടിയർ കൺവീനർ ആയി കെ ഷൈജിത്തിനെയും ഗ്രൂപ്പ് ലീഡർ മാരായി മനോജ്, വിഷ്ണു, റിജിൻ എന്നിവരെയും രെജിസ്ട്രേഷൻ ഗ്രൂപ്പ് ലീഡർ മാരായി ശരത്, റിജോ, ജ്യോതി ശിവകുമാർ, അമ്പിളി രാഗേഷ് എന്നിവരെയും തിരഞ്ഞെടുത്തു. ആർട്ടിസ്റ്റുമാരായ ശശി കൃഷ്ണൻ, ഹരി ചെങ്ങന്നൂർ, സുനിൽ കുളനട, രാജീവ് ദേവാനന്ദ് എന്നിവർ മത്സരം നിയന്ത്രിക്കും. 

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക. 
ഗ്രൂപ്പ് എ - എൽ കെ ജി മുതൽ ഒന്നാം ക്ലാസ് വരെ, (1 മണിമുതൽ 2 വരെ)  
ഗ്രൂപ്പ് ബി - രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, (2 മുതൽ 3:30 വരെ) 
ഗ്രൂപ്പ് സി - അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, (2:30 മുതൽ 4:30 വരെ) 
ഗ്രൂപ്പ് ഡി - എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ. (2:30 മുതൽ 4:30 വരെ)

ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കൾക്കും സന്ദര്ശകർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്.

Related News