കെ.ഐ.ജി മദ്‌റസകൾ കോൺവോക്കേഷൻ സംഘടിപ്പിച്ചു

  • 01/11/2025


കെ.ഐ.ജി ക്ക് കീഴിലുള്ള മദ്‌റസകളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു. റിഗ്ഗഇയിലെ ഔഖാഫ് ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. അൽ മദ്‌റസത്തുൽ ഇസ്ലാമിയ അബാസിയയിലെ ഫിസ അഷ്റഫ് ഖിറാഅത്ത് നിർവഹിച്ചു. വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ താജുദ്ദീൻ മദീനി സ്വാഗതം ആശംസിച്ചു.

കുവൈത്തിലെ പ്രവാസികൾക്കിടയിൽ ഇസ്ലാമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ.ഐ.ജി യുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഔഖാഫ് മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ സത്താം ഖാലിദ് മുഹമ്മദ് അൽ-മുസയ്ൻ ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.ജി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് പി.ടി. അധ്യക്ഷത വഹിച്ചു. ശരിയായ ഇസ്ലാമിക മൂല്യങ്ങളും അക്കാദമിക് മികവുമുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിനുള്ള കെ.ഐ.ജി യുടെ പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ ബോർഡിന്റെ വിദ്യാഭ്യാസ സംരംഭങ്ങൾ, നേട്ടങ്ങൾ, ഭാവി കാഴ്ചപ്പാട് എന്നിവയെക്കുറിച്ച് വിശദമായ പ്രസന്റേഷൻ അവതരിപ്പിച്ചു.

കുവൈത്തിലെ വിവിധ സാമൂഹിക-മത സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചെത്തിയ അറബ് വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു. കെ.ഐ.ജി യുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ സംഭാവനകളെ പ്രശംസിച്ചുകൊണ്ട് അവർ ആശംസകൾ നേർന്നു.

നൈസം, ഷാഹിദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ, അറബ് അതിഥികൾ ബിരുദധാരികൾക്ക് പുരസ്‌കാരങ്ങൾ നൽകി. ഈ വർഷം 51 വിദ്യാർത്ഥികളാണ് ബിരുദം നേടിയത്. മലയാളം മീഡിയത്തിൽ, എ.എം.ഐ ഫഹാഹീലിലെ ഫാത്തിമ ഫർഹ ജി.സി.സി തലത്തിലും കുവൈത്ത് തലത്തിലും ഒന്നാം റാങ്കും ആഗോളതലത്തിൽ രണ്ടാം റാങ്കും നേടി. എ.എം.ഐ. അബ്ബാസിയയിലെ റെഹാൻ അൻസാർ, ഫിസ അഷ്റഫ് എന്നിവർ യഥാക്രമം കുവൈത്ത് തലത്തിൽ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി.
ഇംഗ്ലീഷ് മീഡിയത്തിൽ, സാൽമിയ ബ്രാഞ്ചിലെ റിയോൺ മുഹമ്മദ് റമദാൻ, ഹൽമത് സാദിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. ഫഹാഹീലിലെ നജാഹ് ഫാത്തിമ മൂന്നാം റാങ്ക് നേടി.

വിദ്യാഭ്യാസ ബോർഡ് അംഗം അബ്ദു റസാഖ് നദ്‌വി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് അതിഥികൾ, ബിരുദധാരികൾ, ബോർഡ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്ത ഗ്രൂപ്പ് ഫോട്ടോ സെഷൻ നടന്നു.

പ്രവാസികൾക്കിടയിൽ ഇസ്ലാമിക വിദ്യാഭ്യാസവും സാമൂഹിക മികവും വളർത്തുന്നതിനുള്ള കെ.ഐ.ജി യുടെ പരിശ്രമങ്ങളിൽ ഒരു നാഴികക്കല്ലായി ബിരുദദാനച്ചടങ്ങ് മാറി.
നിലവിൽ കെ.ഐ.ജി കുവൈത്തിൽ എട്ട് മദ്‌റസകൾ നടത്തുന്നുണ്ട്. നാലെണ്ണം മലയാളം മീഡിയത്തിലും നാലെണ്ണം ഇംഗ്ലീഷ് മീഡിയത്തിലും ആണ് പ്രവർത്തിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്ലാസുകൾ. ഖുർആൻ, ഹദീസ്, അഖീദ, ഫിഖ്ഹ്, ഇസ്ലാമിക ചരിത്രം, ദിനംപ്രതിയുള്ള ദുആകൾ, മര്യാദകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് കെ.ജി മുതൽ പ്രൈമറി തലം വരെ നൽകപ്പെടുന്നത്.

കുവൈത്തിൽ താമസിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് ഇപ്പോഴും പ്രവേശനം നേടാവുന്നതാണ്, കൂടാതെ ഗതാഗത സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ഇംഗ്ലീഷ് മീഡിയത്തിൽ 65762175 (ഫഹാഹീൽ), 65757138 (ഖൈത്താൻ), 55238583 (സാൽമിയ), 99354375 (ജഹ്റ) എന്നീ നമ്പറുകളിലും മലയാളം മീഡിയത്തിൽ 66977039 (സാൽമിയ), 50111731 (ഫർവാനിയ), 99771469 (ജലീബ്), 65975080 (ഫഹാഹീൽ) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Related News