കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നും വാണിജ്യ വിമാനങ്ങള്‍ സര്‍വീസുകള്‍ ആരംഭിച്ചു

  • 01/08/2020

കുവൈത്ത് സിറ്റി: നാലുമാസത്തിന്​ ശേഷം കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നും വാണിജ്യ വിമാനങ്ങള്‍ സര്‍വീസുകള്‍ ആരംഭിച്ചു.വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും അമേരിക്കയിലും യൂറോപ്പിലും വൈദ്യചികിത്സയ്ക്കായി പോവുന്ന നിരവധി സ്വദേശികളാണ് ഇന്ന് പുലര്‍ച്ചേ മുതല്‍ യാത്ര ചെയ്യാനായി എത്തിയത്. യാത്ര ചെയ്യുന്നവര്‍ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുകയും കൊറോണ വിമുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഒന്ന്​, മൂന്ന്​, നാല്​, അഞ്ച്​ ടെർമിനലുകളിൽ നിന്നാണ്​ വിമാന സർവിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ ടെർമിനലുകൾ അണുവിമുക്​തമാക്കിയിരുന്നു. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ അകത്ത്​ കയറ്റില്ല. ആദ്യഘട്ടത്തിൽ 30 ശതമാനം ജീവനക്കാരാണ്​ ​ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവിസുകളാണ്​ ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തിൽനിന്ന്​ പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. വിമാന ടിക്കറ്റ്​ ഓൺലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ല​. അത്യാവശ്യ മരുന്നുകളും വ്യക്​തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്​തുക്കളും അടങ്ങിയ ചെറിയ ബാഗ്​ മാത്രം കൈയിൽ ​കൊണ്ടുപോകാം. രണ്ടാം ഘട്ടം 2021 ഫെബ്രുവരി 1 നും മൂന്നാം ഘട്ടം 2021 ഓഗസ്റ്റ് 1 നും ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Related News