ധനരാജിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി : തുടര്‍നടപടി സ്വീകരിക്കാന്‍ സഹകരണ മന്ത്രിക്ക് നിര്‍ദ്ദേശം, വി.എസ്. അച്ച്യുതാനന്ദന് കായികമന്ത്രിയുടെ കത്ത്.

  • 02/03/2020

അന്തരിച്ച ദേശീയ ഫുട്‌ബോള്‍താരം ആര്‍ ധനരാജിന്റെ ഭാര്യയ്ക്ക് സഹകരണവകുപ്പില്‍ ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സഹകരണ വകുപ്പു മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതായി കായികമന്ത്രി ഇ പി ജയരാജന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും, മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന് അയച്ച കത്തില്‍ അറിയിച്ചു. ധനരാജിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നിവേദനം നല്‍കിയിരുന്നു. ഫെബ്രുവരി-20 ന് മുഖ്യമന്ത്രി 195 കായികതാരങ്ങള്‍ക്ക് നിയമന ഉത്തരവ് നല്‍കിയകൂട്ടത്തില്‍ ധനരാജും ഉള്‍പ്പെടുമായിരുന്നു. സ്‌പോര്‍ട്‌സ്‌ക്വാട്ട നിയമന മാനദണ്ഡപ്രകാരം സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നല്‍കുന്നത്. അതിനാല്‍, ഈ ഒഴിവിലേക്ക് ധനരാജിന്റെ ഭാര്യയെ പരിഗണിക്കാനാവില്ല. എന്നാല്‍, ധനരാജിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പിനു കീഴില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചത്. ധനരാജിന്റെ ഭാര്യക്ക് ജോലി ലഭിക്കാന്‍ വി.എസ് അച്ച്യുതാനന്ദന്‍ നടത്തിയ ഇടപെടലുകളുടെ കൂടി ഫലമായാണ് ഇത്തരത്തിലുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി ഇ പി ജയരാജന്‍ കത്തില്‍ വ്യക്തമാക്കി.

Related News