വാടക കൊടുക്കത്തതിന്‍റെ പേരിൽ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് സര്‍ക്കാര്‍

  • 06/09/2020


കുവൈത്ത് സിറ്റി: ലോക് ഡൌണ്‍ സമയത്തെ  വാടക കൊടുക്കത്തതിന്‍റെ  പേരിൽ താമസക്കാരെ ഒഴിപ്പിക്കുവാന്‍ കെട്ടിടടുമക്ക്  കഴിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ  ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായി വാടക കൊടുക്കാൻ പ്രയാസപ്പെടുന്നവര്‍ക്കാണ് പുതിയ നിയമം  ബാധകമാവുക. രാജ്യത്തിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായാണ് ലോക് ഡൌണ്‍ പ്രഖ്യാപിച്ചതെന്നും ആ കാലയളവില്‍ വാടക നാല്‍കാത്തതിന്‍റെ പേരില്‍  ഭൂവുടമകൾ താമസക്കാരെ ഒഴിവാക്കുന്നത് തടഞ്ഞു കൊണ്ടാണ് പുതിയ ഭേദഗതിക്ക് മന്ത്രിസഭ ഉപസമിതി അനുമതി നല്കിയത്. 

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച റിയൽ എസ്റ്റേറ്റ് പാട്ടവുമായി ബന്ധപ്പെട്ട്  നിയമത്തിലെ വ്യവസ്ഥകളിലും ഇത് സംബന്ധമായ  ഭേദഗതി വരുത്തിയതായും സൂചനയുണ്ട് .വാടക കുറച്ചുനൽകണമെന്ന ആവശ്യം പരിഗണിക്കാനായി മാത്രം ഒരു ജഡ്​ജിയെ ചുമതലപ്പെടുത്തുമെന്നും   കെട്ടിട ഉടമകള്‍ നല്കിയ കേസുകളില്‍ വാടകക്കാരന്‍റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് തിരിച്ചടവ്  കാര്യം കോടതി നിർണ്ണയിക്കുമെന്നും പുതിയ ഭേദഗതികള്‍ പറയുന്നുണ്ട് . 

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ തീരുന്നത് വരെയെങ്കിലും വാടക കൊടുക്കാൻ ഇല്ലാത്തതിന്‍റെ പേരിൽ താമസക്കാരെ ഇറക്കിവിടരുതെന്ന് റിയല്‍ എസ്റ്റേറ്റ് അസോസിയേഷനും നിരവധി പാര്‍ലിമെന്റ് അംഗങ്ങളും നേരത്തെ  കെട്ടിട ഉടമകളോട് അഭ്യര്‍ഥിച്ചിരുന്നു.ചില കെട്ടിട ഉടമകള്‍ മാനുഷിക പരിഗണനയിൽ സ്വന്തം നിലക്ക്​ വാടക കുറച്ചു നല്‍കിയെങ്കിലും ഭൂരിഭാഗം കെട്ടിട ഉടമകളും വാടക കുറച്ചുനൽകിയിട്ടില്ല. കെട്ടിട ഉടമകൾ വാടക ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതായി നിരവധി പരാതികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്  ഉയർന്നിരിക്കുന്നത്. ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന  ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധി വിദേശികള്‍ക്ക് പുതിയ തീരുമാനം ആശ്വാസകരമാകും. 

Related News