മാതൃഭാഷാ പഠന പ്രവർത്തനങ്ങളിൽ കല കുവൈറ്റിന്റെ ഇടപെടൽ പ്രശംസനീയം: മന്ത്രി എ.കെ.ബാലൻ

  • 26/09/2020

കുവൈറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടായി നടത്തി വരുന്ന മാതൃഭാഷാ പഠന പ്രവർത്തനങ്ങളിൽ കല കുവൈറ്റിന്റെ ഇടപെടൽ പ്രശംസനീയമെന്ന് സാംസ്കാരിക നിയമ വകുപ്പ്‌ മന്ത്രി എ.കെ.ബാലൻ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റും മാതൃഭാഷ സമിതിയും ചേർന്ന്  നടത്തുന്ന മാതൃഭാഷ സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നത്‌ ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും, ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യമുയർത്തി, മലയാള ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി വലിയ ഇടപെടലുകളാണ്  സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ വഴി നടന്ന് വരുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. മാതൃഭാഷ കുട്ടികളുടെ കലാപരിപാടിയോടെ ആരംഭിച്ച മാതൃഭാഷ സംഗമം പരിപാടിക്ക് കലയുടെ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി ആശാലത ബാലകൃഷ്‌ണൻ അനുശോചനം പ്രമേയം അവതരിപ്പിച്ചു. തുടർന്ന് മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ.ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, മലയാളം മിഷൻ രജിസ്റ്റാർ സേതു മാധവൻ, കുവൈറ്റ് ചാപ്റ്റർ മലയാളം മിഷൻ ചീഫ് കോഓർഡിനേറ്റർ ജെ.സജി, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, വനിതാവേദി ട്രഷറർ വൽസ സാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി. കവിത അനൂപ്‌, ശ്രീമതി. രാജലക്ഷ്മി ശൈമേഷ്‌ എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. മാതൃഭാഷ സമിതി കൺവീനർ പ്രജോഷ് നന്ദിയും പറഞ്ഞു. ഈ വർഷം 20 ക്ലാസ്സുകളിൽ നിന്നായി 1200 കുട്ടികൾ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി. കലാ പരിപാടികളോടൊപ്പം കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.

Related News