"ഒമാനും ഇന്ത്യയും കൈകോർത്തു"; ഇരു രാജ്യങ്ങൾക്കുമിടയിൽ എയർ ബബിൾ കരാർ നിലവിൽ വന്നു

  • 01/10/2020

ഒമാനും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ നിലവിൽ വന്നു. ഇതു പ്രകാരം ഇരു രാഷ്​ട്രങ്ങളിലെയും വിമാന കമ്പനികൾക്ക്​ വ്യവസ്ഥകൾക്കനുസരിച്ച്​ സാധാരണ സർവ്വീസുകൾ പുനരാരംഭിക്കാൻ സാധിക്കും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീബ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ചത് പ്രഖ്യാപനം നടത്തിയത്. നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ വിവിധ രാഷ്ട്രങ്ങളുമായി ഇന്ത്യ എയര്‍ ബബിൾ പ്രകാരം വിമാന സര്‍വ്വീസുകള്‍ നടത്തിവരുന്നുണ്ട്. ഇന്ത്യയിൽ നിന്ന്​ എയർ ഇന്ത്യയും, എയർ ഇന്ത്യ എക്​സ്​പ്രസും ഒമാനിലേക്കും തിരിച്ച്​ ഒമാൻ എയറും സലാം എയറും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും സർവ്വീസ്​ നടത്തും. യാത്രക്കാർക്ക്​ ഈ വിമാനങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇരു വശങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും.


ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ ഇവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർ, ഒ.സി.ഐ കാർഡ്​ ഉടമകൾ, ഇന്ത്യൻ വിസ ലഭിച്ച ഒമാനി പൗരന്മാർ എന്നിവർക്കാണ്​ യാത്രാനുമതി ലഭിക്കുക. ഒമാനിലേക്കുള്ള വിമാനങ്ങളിൽ സ്വദേശികൾ, ഒമാനിലേക്ക്​ പോകുന്ന റസിഡന്റ്​ വിസയിലുള്ള ഇന്ത്യക്കാർ എന്നിവർക്ക്​ യാത്ര ചെയ്യാം. അതേസമയം ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാന്‍ സാധാരണ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എയര്‍ ബബ്ള്‍ വിമാനങ്ങളില്‍ ഒമാനിലെത്തുന്നവരും രാജ്യത്തെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിർദേശമുണ്ട്.

Related News