ഒമാനിലേക്ക് വരുന്ന പ്രവാസികൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

  • 28/12/2020

ആഗോളതലത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ഒരാഴ്ചത്തേക്ക് താൽക്കാലികമായി അടച്ച ഒമാനിലെ  വിമാനത്താവളങ്ങൾ നാളെ മുതൽ വീണ്ടും തുറക്കുമ്പോൾ പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കും. ഇതുമായി  ബന്ധപ്പെട്ട്  അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒമാനിലേക്കുള്ള യാത്രക്കാർ  വിമാനത്താവളത്തിൽ എത്തുമ്പോൾ നെഗറ്റീവ് കോവിഡ് പിസിആർ  പരിശോധനാഫലം സമർപ്പിക്കണം. യാത്രക്കാർ 7 ദിവസത്തെ ക്വാറന്റൈൻ  ഏറ്റെടുക്കണം. കോവിഡ്  ചികിത്സയുടെ ചിലവ് വഹിക്കുന്ന ആരോഗ്യ ഇൻഷുറൻസ് യാത്രക്കാർക്ക് ഉണ്ടായിരിക്കണം. ഒമാനിലെ വിമാനത്താവളത്തിലോ, റോഡ് അതിർത്തികളിലോ, എത്തിയതിന് ശേഷവും കോവിഡ് പി സി ആർ പരിശോധന നടത്തണം.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ  ഔദ്യോഗിക ആപ്ലിക്കേഷൻ ഡൗൺലോഡ്  ചെയ്‌ത് എത്തിച്ചേരുന്നതിന് മുമ്പ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രാജ്യത്ത്  എത്തിച്ചേർന്നതിനുശേഷം രോഗലക്ഷണങ്ങില്ലെങ്കിൽ എട്ടാം ദിവസം മറ്റൊരു പിസിആർ പരിശോധനക്കും വിധേയമാകണമെന്ന് അധികൃതർ അറിയിച്ചു.

Related News