ഒമാന്‍ പത്താം പഞ്ചവത്സര പദ്ധതിക്ക് തുടക്കം; 1.35 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

  • 03/01/2021



മസ്‌കറ്റ്: പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിന് തുടക്കമായതായി ഒമാന്‍ സാമ്പത്തികകാര്യ മന്ത്രാലയം. 2021 മുതല്‍ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് അംഗീകാരം നല്‍കിയിരുന്നു. പദ്ധതി കാലയളവില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സാമ്പത്തികകാര്യ മന്ത്രി ഡോ. സഈദ് ബിന്‍ മുഹമ്മദ് അല്‍ സഖ്രി പറഞ്ഞു.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി പ്രതിവര്‍ഷം 27000 തൊഴിലവസരങ്ങള്‍ എന്ന തോതില്‍ 1.35 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആേഗാള വിപണി കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുന്നതിന് ഒപ്പം സാമൂഹിക ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ധനകാര്യ സുസ്ഥിരത കൈവരിക്കുന്നതിനാണ് പദ്ധതി കാലയളവില്‍ മുന്‍ഗണന നല്‍കുന്നത്. 2024 ഓടെ ധനക്കമ്മിയില്‍ കര്യമായ കുറവ് വരുത്തുന്നതിനൊപ്പം 65 ദശലക്ഷം റിയാലിന്റെ നീക്കിയിരുപ്പുമാണ് ലക്ഷ്യമിടുന്നത്. ഒമാന്റെ ആഭ്യനത്ര ഉത്പാദനത്തില്‍ 3.5 ശതമാനത്തിന്റെ വളര്‍ച്ചയും പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് സാമ്പത്തികകാര്യ മന്ത്രി പറഞ്ഞു.

ഒമാന്റെ സുസ്ഥിര ഭാവി ലക്യമിട്ടുളള വിഷന്‍ 2040ന്റെ ആദ്യ പടിയാണ് പത്താം പഞ്ചവത്സര പദ്ധതി. 88 തന്ത്രപ്രധാന ലക്ഷ്യങ്ങളാണ് പദ്ധതിക്കുളളത്. നാല് പ്രധാന ആശയങ്ങളിലായി 343 പദ്ധതികളുമുണ്ട്. മനുഷ്യ വിഭവശേഷിയുടെ സുസ്ഥിര വികസനം, സാമ്പത്തിക മേഖലയുടെ ഉത്തേജനം, സാമ്പത്തിക വൈവിധ്യവത്കരണം പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കല്‍, എല്ലാ ഗവര്‍ണറേറ്റുകളിലും സന്തുലിത വികസനം എന്നിവയില്‍ ഊന്നിയാകും പദ്ധതി നടത്തിപ്പ്.

Related News