കുവൈത്തില്‍ അനധികൃത താമസക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍

  • 18/01/2021

കുവൈത്ത് സിറ്റി :കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ അടച്ച് രാജ്യം വിടുന്നതിനോ  താമസരേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നല്‍കി കൊണ്ടുള്ള ഭാഗിക പൊതുമാപ്പ് നല്‍കിയിട്ടും  രാജ്യത്തെ റെസിഡൻസ് നിയമലംഘകർ 38 ശതമാനം  വർദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ഒന്നു മുതല്‍ ഒരു മാസത്തേക്ക് പ്രഖ്യാപിച്ച ഇളവ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.നേരത്തെ  പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യംവിടാനുള്ള രേഖകള്‍ ശരിയാക്കിയവരില്‍ പലര്‍ക്കും കോവിഡ്  നിയന്ത്രണങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. ഭാഗിക പൊതുമാപ്പ് ജനുവരി 31 ന് അവസാനിക്കുമെങ്കിലും ഇതുവരെയായി ചുരുക്കം പ്രവാസികൾ മാത്രമാണ്  പ്രയോജനപ്പെടുത്തിയത്. 

പൊതുമാപ്പ് കാലയളവിനുശേഷവും രാജ്യത്ത് തുടരുന്നവരെ പിടികൂടുന്നതിനായി കര്‍ശനമായ പരിശോധനയും പിടിക്കപ്പെടുന്നവര്‍ക്ക് കനത്തപിഴയും ശിക്ഷയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറഞ്ഞതാണ് അനധികൃത താമസക്കാരുടെ എണ്ണം കൂടുവാന്‍ കാരണം. നേരത്തെ 130,000 താമസ നിയമലംഘകർ ഉണ്ടായിരുന്നതാണ് ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം  ഇപ്പോള്‍ 180,000 നിയമലംഘകരായി ഉയർന്നത്. 

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് 2011 മാര്‍ച്ച് ഒന്നു മുതല്‍ ജൂണ്‍ 30വരെയായിരുന്നു.മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഏറെ തിങ്ങി താമസിക്കുന്ന അബ്ബാസിയ, ഹസാവി ഭാഗങ്ങളില്‍ നിരവധി അനധികൃത താമസക്കാര്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്  . ജനുവരി  31 നുള്ളില്‍ അനധികൃത താമസക്കാര്‍ താമസരേഖ നിയമവിധേയമാക്കുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ രാജ്യത്തേക്ക് തിരിച്ചെത്താനാകാത്ത വിധം കരിമ്പട്ടികയില്‍ പെടുത്തി അവരെ നാടു കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

Related News