മികച്ച ഓണ്‍ലൈന്‍ സേവനങ്ങളുമായി വിവിധ മന്ത്രാലയങ്ങള്‍; ഡിജിറ്റലായി കുവൈത്ത്

  • 19/01/2021

കുവൈത്ത് സിറ്റി: വിവിധ മന്ത്രാലയങ്ങളില്‍ ആരംഭിച്ച അത്യാധുനിക ഇലക്ട്രോണിക് ഓണ്‍ലൈന്‍  സംവിധാനത്തിലൂടെ ജനുവരി മാസത്തില്‍ മാത്രമായി  24,639 ളം കമ്പിനികള്‍ക്ക് സേവനം നല്‍കിയതായി  പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടര്‍ അസീല്‍ അല്‍ മസായദ് അറിയിച്ചു. വാഹന രജിസ്ട്രേഷൻ, പ്രിന്റിംഗ് സർട്ടിഫിക്കറ്റുകൾ, ലേബർ ലിസ്റ്റിംഗുകൾ, 10,461 താമസരേഖ പുതുക്കല്‍, 1,086 വിസ റദ്ദാക്കൽ തുടങ്ങിയ നിരവധി സേവനങ്ങളാണ് പുതിയ ജാലകത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നല്കിയത്.  ഏറ്റവും മികച്ച സാങ്കേതിക ഓണ്‍ലൈന്‍ സംവിധാനമാണ് രാജ്യത്ത് നല്‍കികൊണ്ടിരിക്കുന്നതെന്നും രാജ്യത്തെ എല്ലാ  സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുവാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. 

മിക്ക മന്ത്രാലയങ്ങളും  ഇത് സംബന്ധമായ വിവരങ്ങള്‍  വെബ്‌സൈറ്റിൽ സജ്ജീകരിക്കുകയും  ആപ്പുകള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ലഭ്യമാകാവുന്ന തരത്തിൽ ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ സേവനങ്ങള്‍  ലഭ്യമാണ്. ഓൺലൈൻ വഴി ആണ് അപേക്ഷകളും രേഖകളും സമർപ്പിക്കേണ്ടത്. അപേക്ഷയും രേഖകളും വെരിഫൈ ചെയ്തതിനു ശേഷം ലഭിക്കുന്ന നോട്ടിഫിക്കേഷന്‍ അനുസരിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട  ഓഫീസിലെത്തിയാൽ സേവനങ്ങൾ പൂർത്തിയാക്കാം. പൊതു ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള  സേവനങ്ങള്‍   പൂർണമായി ഓൺലൈൻ വഴി ആക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിച്ചത്. 

കോവിഡ് പാശ്ചാത്തലത്തില്‍ മാൻപവർ അതോറിറ്റിയിലെ  ജീവനക്കാര്‍ക്ക് ഇത് സംബന്ധമായ വീഡിയോ  പരിശീലനങ്ങള്‍ നല്‍കിയതായും സാങ്കേതിക സഹായം നൽകുന്നതിനും മാനേജ്മെന്റിന് ദൈനംദിന റിപ്പോർട്ടുകൾ നൽകുന്നതിനും വിദഗ്ദരായ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിരവധി പേരാണ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. നേരത്തെ ഡിജിറ്റല്‍ സിവില്‍ ഐഡി ഉപയോക്താക്കളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി പാസി അധികൃതര്‍ അറിയിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കുവൈത്ത് മൊബൈല്‍ ഐഡി  സംവിധാനം ഉപയോഗിച്ച് 10 ലക്ഷത്തിലേറെ ഡിജിറ്റല്‍ സിവില്‍ ഐഡികളാണ് ഉപയോഗിച്ചത്. അതോടപ്പം ഇലക്ട്രിസിറ്റി വകുപ്പിലെ  ആപ്പുകളും ആരോഗ്യ, ആഭ്യന്തര, തൊഴില്‍ വകുപ്പിലെ  ആപ്പുകളും ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. 

Related News