റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ ചാർജ് തിരികെ നൽകണം; വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സിവില്‍ ഏവിയേഷന്‍

  • 22/01/2021


കുവൈത്ത് സിറ്റി : വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും  റീഫണ്ടായി നൽകണമെന്ന്  ഡയറക്ടര്‍ ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശം നല്‍കി.  അതിതീവ്ര കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 ഡിസംബർ 21 മുതൽ 2021 ജനുവരി 1 വരെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നു. ഇത് സംബന്ധമായ നിര്‍ദ്ദേശം  എല്ലാ എയർലൈൻസിനും  ട്രാവൽ, ടൂറിസം ഏജൻസികള്‍ക്കും നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

തുക  തിരിച്ചു നൽകുകയോ ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന തരത്തിൽ ക്രെഡിറ്റ് സംവിധാനം ഒരുക്കുകയോ ചെയ്യണം. ട്രാവൽ ഏജന്റുമാർ മുഖേന ബുക്ക് ചെയ്ത ടിക്കറ്റ് ചാർജുകൾ ഏജന്റുമാരിൽ നിന്നു തന്നെ തിരികെ നൽകും. നിബന്ധനകള്‍ക്ക് വിധേയമായി ഓരോ വിമാന ടിക്കറ്റിനും പരമാവധി 10 ദിനാര്‍  ഫീസ് വരെ   ഈടാക്കാമെന്നും  നിര്‍ദ്ദേശത്തിലുണ്ട്. 

തീരുമാനം നടപ്പിലാക്കുവാന്‍ ഫെബ്രുവരി 13 വരെ എയർലൈൻസ്, ട്രാവൽ, ടൂറിസം ഏജൻസികൾക്ക് സിവില്‍ ഏവിയേഷന്‍ സമയപരിധി അനുവദിച്ചു.നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കി.

Related News