കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ദേശീയ ദിനം ആഘോഷിക്കുമെന്ന് യുവജനകാര്യ മന്ത്രി അബ്ദുൾറഹ്മാൻ അൽ മുത്തൈരി

  • 24/01/2021

കുവൈത്ത് സിറ്റി : ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് അറുപതാം ദേശീയ ദിന ആഘോഷവും 30-ാമത് വിമോചന ദിന ആഘോഷവും സംഘടിപ്പിക്കുമെന്ന്  യുവജനകാര്യ മന്ത്രി അബ്ദുൾറഹ്മാൻ അൽ മുത്തൈരി പറഞ്ഞു. ലോകമെമ്പാടും  സമാധാനം കൈവരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കുവൈത്ത് എന്നും മുന്നിലായിരുന്നുവെന്നും സമാധാനത്തിന് ഒരു ഭവനമുണ്ട് എന്ന ആപ്ത മുദ്രാവാക്യമുയർത്തിയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആഘോഷ പരിപാടികള്‍   മാർച്ച് 31 വരെ നീളും. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബയുടെയും  കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബയുടേയും നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ ദേശീയ ആഘോഷമാണിത്. ജിസിസി രാജ്യങ്ങളുമായി സഹകരിച്ച് പ്രതിരോധ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍  വ്യോമ  കര സൈനിക പ്രകടനം അവതരിപ്പിക്കുമെന്നും അബ്ദുൾറഹ്മാൻ അൽ മുത്തൈരി പറഞ്ഞു. 

കോവിഡ്-19 സാന്നിധ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു.  ദേശീയ, വിമോചന ദിനത്തിന്റെയും രക്തസാക്ഷികളുടെ ആത്മാര്‍പ്പണത്തിന്റെയും ഓര്‍മയാഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കും.1899 മുതൽ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യം 1961 ജൂൺ 19നാണ് സ്വതന്ത്രമായത്. കുവൈത്തിനെ സ്വതന്ത്ര പരമാധികാര രാജ്യമാക്കിയ ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹിന്റെ കിരീടധാരണ തീയതിയുമായി ബന്ധപ്പെടുത്തി 1964 ലാണ്  കുവൈത്ത് ദേശീയ ദിനം ജൂൺ 19 ല്‍ നിന്നും ഫെബ്രുവരി 24 ലേക്ക് മാറ്റിയത്.  ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാർഷികം  കുവൈത്ത് ദേശീയ ദിനമായും  ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചിതരായതിന്റെ ഓർമ പുതുക്കല്‍ ദിവസം വിമോചന ദിനവുമായാണ് ആഘോഷിക്കുന്നത്.  അടുത്ത ആഴ്ചയോട് കൂടി ഒദ്യോഗികമായി പതാക ഉയർത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 

Related News