കുവൈറ്റിലെത്തുന്നവരുടെ പിസിആര്‍ ടെസ്റ്റ് ചെലവ് വിമാനകമ്പനികള്‍ക്ക്; പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് ഡിജിസിഎയും ആരോഗ്യമന്ത്രാലയവും

  • 26/01/2021



കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എത്തുന്ന യാത്രക്കാരുടെ പിസിആര്‍ ടെസ്റ്റുകളുടെ ചെലവ് വിമാനക്കമ്പനികളില്‍ നിന്ന് ഈടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് പ്രാവര്‍ത്തികമാക്കാന്‍ കുവൈറ്റ് ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ഒരുമിച്ച് പ്രവര്‍ത്തിക്കും.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും ഒരു 'ഹെല്‍ത്ത് പ്ലാറ്റ്ഫോം' സ്ഥാപിക്കുന്നതിനെക്കുറിച്ചും ഡിജിസിഎ പരിശോധിക്കുന്നുണ്ട്. അതുവഴി, പാസഞ്ചര്‍ ടെര്‍മിനലുകളിലെ ആരോഗ്യ രജിസ്ട്രേഷന്‍ റദ്ദാക്കാനാകും.

എയര്‍ലൈനുകള്‍ വഹിക്കേണ്ട പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനും സേവനമൊരുക്കുന്നതിനും ഒരു സംവിധാനമൊരുക്കുന്നതിനും ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതുവഴി യാത്രക്കാര്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ ഒഴിവാക്കാനും മികച്ച സേവനം ഉറപ്പാക്കാനും സാധിക്കും.

ക്വാറന്റൈന്‍ കാലയളവ്, പിസിആര്‍ പരിശോധന നിരക്ക്, രണ്ടാമത്തെ പരിശോധനയുടെ വിശദാംശങ്ങള്‍, ഹെല്‍ത്ത് പ്ലാറ്റ്ഫോം സംവിധാനത്തിന്റെ ഒരുക്കങ്ങള്‍ എന്നിവയെക്കുറിച്ച് ഡിജിസിഎ ആരോഗ്യമന്ത്രാലയത്തോട് ഒരു റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

Related News