രാജ്യത്ത് ആവശ്യമായ കോവിഡ് വാക്സിന്‍ ഉറപ്പുവരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

  • 26/01/2021

കുവൈത്ത് സിറ്റി : രാജ്യത്തേക്ക് കൂടുതല്‍ വാക്സിനുകള്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി നിരവധി കമ്പിനികളുമായി ബന്ധപ്പെട്ടതായും പൊതുജനങ്ങള്‍ക്ക് ആവശ്യമായ  വാക്സിന്‍റെ ലഭ്യത ഉറപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ  കോവിഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ മോഡേണ നിർദ്ദേശിച്ച വ്യവസ്ഥകൾ ആരോഗ്യ മന്ത്രാലയം നിരസിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ ഡോസുകൾ ആവശ്യമില്ലെങ്കിൽ നിശ്ചിത ശതമാനം  തിരികെ നൽകുമെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തോടും അനുകൂലമായല്ല മോഡേണ വാക്സിന്‍ നിര്‍മ്മാതാക്കള്‍ പ്രതികരിച്ചതെന്നും സൂചനയുണ്ട്. 

57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുവാന്‍ മന്ത്രാലയം  തീരുമാനിച്ചത്.ഇതിലൂടെ രാജ്യത്തെ  28 ലക്ഷം പേർക്ക് വാക്സിൻ നൽകാൻ കഴിയും . 10 ലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഓക്സ്ഫോഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്.കഴിഞ്ഞ ഡിസംബർ 24ന് രാജ്യത്ത് കുത്തിവെപ്പ് ആരംഭിച്ചെങ്കിലും കോവിഡ് വാക്സിനേഷന്‍  മന്ദഗതിയിലാണ് പോകുന്നത്. ആഗോള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുവൈത്ത് കുത്തിവെപ്പ് നിരക്കില്‍  വളരെ പിറകിലാണ്. വിദേശത്ത് നിന്ന് വാക്സിനുകൾ സ്വീകരിക്കുന്നതിലും അവ മുൻ‌ഗണനാ വിഭാഗങ്ങളിൽ എത്തിക്കുന്നതിലും വേഗത കുറഞ്ഞതായി പ്രതിരോധ  പ്രവര്‍ത്തകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

Related News