കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ ഇളവ് വേണം: ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ്

  • 27/01/2021




കുവൈത്ത് സിറ്റി: കുവൈറ്റില്‍ പുതുതായി എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ 14 ദിവസത്തില്‍ നിന്നും അഞ്ചായി കുറയ്ക്കണമെന്ന് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ്. തൊഴിലാളികള്‍ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കാന്‍ രാജ്യത്ത് എത്തുന്നതിന് മുന്‍പും പിന്‍പും മൂന്ന് പിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. ഇതിന് ശേഷം 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്നാണ് ലേബര്‍ ഓഫീസുകള്‍ ആവശ്യപ്പെട്ടത്. ലേബര്‍ ഓഫീസ് ഉടമകളുടെ സംഘടനയായ കുവൈറ്റ് യൂണിയന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ ഓഫീസ് പ്രതിനിധികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ഗാര്‍ഹിക തൊഴില്‍ നിയമന വകുപ്പ് നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്. ഗാര്‍ഹിക തൊഴിലാളികളെ തിരികെ എത്തിക്കുന്ന ബെല്‍സ്ലാമ പ്ലാറ്റ്‌ഫോം വഴി പുതിയ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യണമെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച.

വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ചാണ് റിക്രൂട്ട്മെന്റ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. അതനുസരിച്ച് തൊഴിലാളിക്ക് ഒരാള്‍ക്ക് 990 ദിനാറും, ബെല്‍സലാമ പ്ലാറ്റ്‌ഫോമിനും ക്വാറന്റൈന്‍ ചെലവിനും ആയി ഫിലിപ്പീന്‍സില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി 490 ദിനാറും, ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി 390 ദിനാറും അധിക ഫീസ് നല്‍കണം. റിക്രൂട്ട്മെന്റ് ചെലവ് മുഴുവന്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാരുടെയും പ്രവാസികളുടെയും പക്കല്‍ നിന്നാണ് എടുക്കുന്നതെന്നും ടിക്കറ്റ് നിരക്ക് റിക്രൂട്ട്മെന്റ് ചെലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിമാന ടിക്കറ്റ് വില അവലോകനം ചെയ്യണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

Related News