യുഎഇയിൽ ജനസംഖ്യയുടെ 40 ശതമാനം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

  • 06/02/2021

അബുദാബി: യുഎഇയിൽ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകളും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 42 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയിട്ടുള്ളത്. 100 പേരിൽ 42.48 പേർ വീതം വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,93,187 ഡോസ് വാക്‌സിനാണ് രാജ്യത്ത് നൽകിയത്. ദിവസേന ഒരു ലക്ഷത്തിലധികം ഡോസുകൾ നൽകാറുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും വാക്‌സിൻ എത്തിച്ച് അതുവഴി കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. അതേസമയം യുഎഇയിൽ ഇന്ന് 3,276 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 4,041 പേർ രോഗമുക്തരാവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

പുതിയതായി നടത്തിയ 1,50,706 ടെസ്റ്റുകളിൽ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.65 കോടിയിലധികം കൊവിഡ് പരിശോധനകൾ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 3,23,402 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 3,01,081 പേർ ഇതിനോടകം രോഗമുക്തരായി. ആകെ 914 പേരാണ് മരണപ്പെട്ടത്. 21,407 കൊവിഡ് രോഗികൾ ഇപ്പോൾ യുഎഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Related News