യുവതി ഷാര്‍ജയിൽ തൂങ്ങിമരിച്ചതിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം

  • 28/07/2023




ഷാര്‍ജ: കല്ലുവാതുക്കൽ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ യുവതി ഷാര്‍ജയിൽ തൂങ്ങിമരിച്ചതിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. 29 വയസുള്ള റാണി ഗൗരിയുടെ മരണത്തിന് പിന്നിൽ സ്ത്രീധന മാനസിക പീഡനമെന്നാണ് പരാതി. ഭര്‍ത്താവ് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി വൈശാഖിനും കുടുംബത്തിനുമെതിരെയാണ് ആരോപണം.

കഴിഞ്ഞദിവസമാണ് റാണി ഗൗരിയെ ഷാര്‍ജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിനും നാലുവയസുള്ള മകൾക്കുമൊപ്പമായിരുന്നു താമസം. മരണത്തിന് പിന്നിൽ നിരന്തര മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ പരാതി. ഷാര്‍ജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങൽ സ്റ്റേഷനുകളിലും ഭര്‍ത്താവ് വൈശാഖിനും കുടുംബത്തിനുമെതിരെ പരാതി നൽകി. റാണിയുടെ വിവാഹത്തിന് മുമ്പുള്ള ബന്ധത്തിന്‍റെ പേരിലും പ്രശ്നങ്ങളുണ്ടായിരുന്നു
 
2018 ഫെബ്രുവരി 18നായിരുന്നു റാണിയുടേയും വൈശാഖിന്‍റേയും വിവാഹം. 130 പവൻ സ്വര്‍ണം നൽകിയായിരുന്നെന്നാണ് റാണിയുടെ ബന്ധുക്കൾ പറയുന്നത്. സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറാണ് വൈശാഖ്. ആറുമാസം മുമ്പാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ റാണി ജോലികിട്ടി ഭര്‍ത്താവിനൊപ്പം താമസിക്കാൻ ഷാര്‍ജയിലെത്തിയത്. ഷാർജയിൽ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന വൈശാഖിന്‍റെ അമ്മ മിനി വിജയൻ ഒരാഴ്ച മുന്പാണ് പേരക്കുട്ടി ദേവ്‍നയുമായി നാട്ടിലെത്തിയത്. പ്രവാസി സംഘടനകളുടെ സഹായത്തോടെ ഭൗതികദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം.

Related News