നെറ്റ്ഫ്‌ലിക്‌സിന്റെ പാസ്‍വേഡുകൾ പുറത്തുള്ളവരുമായി പങ്കുവെക്കുന്നതിന് യുഎഇയില്‍ നിയന്ത്രണം

  • 24/07/2023



അബുദാബി: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ പാസ്‍വേഡുകള്‍ വീടിന് പുറത്തുള്ളവരുമായി പങ്കുവെക്കുന്നതിന് യുഎഇയില്‍ നിയന്ത്രണം. പാസ്‍വേഡുകള്‍ പങ്കുവെക്കുന്നത് തടയുന്ന സംവിധാനം യുഎഇയില്‍ നടപ്പിലാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. വ്യാഴാഴ്ച മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നതെന്ന് കമ്പനി അറിയിച്ചു. 

വിവിധ രാജ്യങ്ങളില്‍ നേരത്തെ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും കമ്പനി ഇതേ നടപടി സ്വീകരിച്ചിട്ടുണ്ട്. വീടിന് പുറത്തുള്ള ആളുകളുമായി നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് പങ്കിടുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം അറിയിച്ചു കൊണ്ടുള്ള മെയില്‍ കമ്പനി അയച്ചു തുടങ്ങിയിട്ടുണ്ട്. 

ഒരു നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ഒരു വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ളതാണെന്നും ആ വീട്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവര്‍ എവിടെ ആയിരുന്നാലും നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാമെന്നും കമ്പനി അറിയിപ്പില്‍ വ്യക്തമാക്കി. മറ്റുള്ളവരുമായി നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് പങ്കിടണമെങ്കില്‍ അധിക ഫീസ് നല്‍കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. 

നൂറിലേറെ രാജ്യങ്ങളില്‍ നേരത്തെ ഈ നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ട്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, മെക്‌സിക്കോ, ബ്രസീല്‍ എന്നിവ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലാണ് നിയന്ത്രണം നടപ്പിലാക്കിയത്. 

Related News