കുവൈറ്റിൽ ശൈത്യ കാല പ്രതിരോധ കുത്തിവെപ്പ്‌ വിദേശികൾക്ക്‌ നൽകേണ്ടതില്ലെന്ന തീരുമാനം വിവാദത്തിൽ

  • 19/10/2020

കുവൈറ്റിൽ ശൈത്യ കാല പ്രതിരോധ കുത്തിവെപ്പ്‌  വിദേശികൾക്ക്‌ നൽകേണ്ടതില്ലെന്നും, സ്വദേശികൾക്ക് മാത്രം നൽകിയാൽ മതിയെന്നുമുളള   ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം വിവാദത്തിൽ. 2020-2021 കാലയളവിലെ ശൈത്യകാല വാക്സിനേഷൻ ക്യാമ്പെയിൻ നിലവിൽ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.  ഇൻഫ്ലുവൻസ, ബാക്ടീരിയ രോഗങ്ങൾ എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിനായി സ്വദേശികൾക്ക് മാത്രമാണ് അനുമതിയെന്നും ഇന്നലെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.  ഇതിന് പിന്നാലെ  മന്ത്രാലയത്തിന്റെ തീരുമാനത്തിന്  അനുകൂലമായും പ്രതികൂലമായും സമൂഹ മാധ്യമങ്ങളിൽ ചർച്ച സംഘടിപ്പിച്ചതാണ് വിവാദമാകൻ കാരണം‌. വിദേശികളെ ഒഴിവാക്കിയ തീരുമാനത്തിന് എതിരെ  സ്വദേശികൾ തന്നെയാണ് പ്രതിഷേധവുമായി രം​ഗത്തുളളത്. 

 രാജ്യത്ത്  വാക്സിനുകളുടെ  ലഭ്യത  പരിമിതമാണ്. കൂടുതൽ വാക്സിൻ എത്തുന്നതോടെ ഇത്‌ രാജ്യത്തെ എല്ലാ താമസക്കാർക്കും ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ രോഗികൾക്കും വിവേചനം കൂടാതെ ചികിൽസ ലഭ്യമാക്കാൻ മന്ത്രാലയം പ്രതിജ്ഞാ ബദ്ധമാണെന്നും അധികൃതർ  വ്യക്തമാക്കിയിട്ടുണ്ട്.  മാനവികതക്ക്‌ പേരു കേട്ട കുവൈത്തിന്റെ യശസ്സിനെ  അന്തർ ദേശീയ തലത്തിൽ കളങ്കപ്പെടുത്തുന്നതാണ് ഈ തീരുമാനം എന്ന് സ്വദേശികൾ തന്നെ പറയുന്നു. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. ക്യാമ്പയിൻ ഡിസംബർ അവസാനം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Related News