കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുന്നു: തീവ്രപരിചരണ വിഭാഗത്തില്‍ തിരക്കേറുന്നു

  • 14/02/2021

കുവൈത്ത് സിറ്റി :  കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത്  തീവ്രപരിചരണ വിഭാഗത്തില്‍ ആശങ്കയേറ്റുന്നു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ രാജ്യത്ത്  6,000 ത്തോളം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതോടപ്പം കഴിഞ്ഞ ആഴ്ചയില്‍ മാത്രമായി 21 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പ്രതിദിനകണക്കിൽ രോഗികളെക്കാൾ രോഗമുക്തി നേടുന്നവരാണ് കൂടുതലുണ്ടായിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക്​ രാജ്യം കയറിവരുന്നതിനിടെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. 

ഉയര്‍ന്നു വരുന്ന  കോവിഡ് കേസുകളെ പ്രതിരോധിക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നത്. കോവിഡ് 19 വാക്സിനേഷനുകൾക്കായി കൂടുതല്‍ ബൂത്തുകള്‍ സജ്ജീകരിച്ചും പുതിയ കേന്ദ്രങ്ങള്‍ ആരംഭിച്ചും കോവിഡ് വാക്സിന്‍ കാമ്പയിന്‍ വിപുലപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദം  കുറക്കാനും അതോടപ്പം സാമൂഹിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായകരമാകും. നേരത്തെ പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്തവര്‍ അധികൃതരില്‍ ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് കുവൈറ്റ് വാക്സിനേഷൻ സെന്‍ററില്‍ എത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

അടിയന്തിര ആവശ്യമില്ലാതെ വീടുകൾ വിട്ടുപോകരുതെന്നും ആശുപത്രികളില്‍ രോഗികളെ സന്ദർശിക്കുന്നതിനോ   രോഗബാധിതരോടപ്പം സഹായികളായി  ആശുപത്രികളില്‍  വരുന്നതില്‍ നിന്നും  പൗരന്മാര്‍ വിട്ട് നില്‍ക്കണമെന്ന് ആരോഗ്യ അധികൃതര്‍ അഭ്യര്‍ഥിച്ചു.  സന്ദര്‍ശകര്‍ മെഡിക്കൽ സ്റ്റാഫുകളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതായും അത്തരം ആളുകള്‍ക്കെതിരെ ശക്തമായ നിയമ  നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  ഇപ്പോയത്തെ ആരോഗ്യ സാഹചര്യത്തില്‍ രാവിലെയുള്ള സന്ദര്‍ശന സമയം റദ്ദാക്കിയതായും വൈകീട്ട് നാല് മുതല്‍ ഏഴ് മണി വരെ അടുത്ത ബന്ധുക്കളെ മാത്രം സന്ദര്‍ശത്തിനായി അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Related News