ലുലുവില്‍ ​ഗ്രൂപ്പിൽ അബുദാബി സർക്കാർ 7500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു

  • 19/10/2020

അബുദാബി: മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പില്‍ അബുദാബി രാജകുടുംബം വീണ്ടും നിക്ഷേപം നടത്തുന്നു. 7500 കോടി രൂപ(നൂറ് കോടി ഡോളര്‍)യാണ് ഇത്തവണത്തെ നിക്ഷേപം. അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശൈഖ് താനൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനുമായുള്ള കമ്പനി എ.ഡി.ക്യുവാണ് ലുലുവില്‍ നിക്ഷേപം നടത്തുന്നത്.  ഈജിപ്തില്‍ വ്യാപാരം കൂട്ടാനുള്ള പദ്ധതിക്കായാണ് ഈ നിക്ഷേപം. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ മിന (മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയൻ)യിലാണ് നിക്ഷേപം നടത്തുന്നത്.   ഈജിപ്തില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകളും നൂറ് മിനി മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമായി ലുലു ആരംഭിക്കും. ലുലുവും എ.ഡി.ക്യുവും തമ്മിലുള്ള പുതിയ നിക്ഷേപം സംബന്ധിച്ച കരാറില്‍ അബുദാബി കമ്പനി സി.ഇ.ഒ. മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒപ്പുവെച്ചു.


ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റർ, ഈകോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാർക്കറ്റുകൾ പ്രവർത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുൾപ്പെടെ 12,000 പേർക്ക് ഈജിപ്തിൽ തൊഴിൽ ലഭ്യമാകും. ഇത് രണ്ടാം തവണയാണ് എ.ഡി.ക്യു. ലുലുവില്‍ നിക്ഷേപിക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപയായിരുന്നു നിക്ഷേപിച്ചത്. ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനത്തിനായിട്ടായിരുന്നു ഈ നിക്ഷേപം. കഴിഞ്ഞ ആഴ്ച സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള കമ്പനിയും ലുലുവില്‍ വലിയ നിക്ഷേപം നടത്തിയിരുന്നു.

Related News