ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാർക്കും പിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി

  • 18/02/2021

ഗള്‍ഫില്‍ നിന്ന്  ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാർക്കും പിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യുകെ യൂറോപ്പ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും പുതിയ തീരുമാനം ബാധകമാണ്. കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങള്‍ക്കും പകർച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്. അതോടപ്പം  യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ടോ അല്ലാതയോ എത്തുന്ന  എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അതേസമയം, അത്യാവശ്യ ഘട്ടങ്ങളില്‍  യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍, യാത്രയ്ക്ക് മുന്‍പ് കൊറോണ നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കൂടാതെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും അപ്‌ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കില്‍, അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related News