യാത്രാനിരോധനമുള്ള 35 രാജ്യങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുതുക്കുന്നു .

  • 19/02/2021

കുവൈറ്റ് സിറ്റി : ഡിജിസിഎ പുറപ്പെടുവിച്ച സർക്കുലറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിനിടെ  രാജ്യത്തേക്ക്  നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുള്ള 35 രാജ്യങ്ങളുടെ പട്ടികയിൽ ഭേദഗതി വരുത്താൻ സാധ്യതയെന്ന് സൂചനകള്‍. നിരോധന പട്ടികയില്‍ നിന്നും ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളെന്ന് തരം തിരിക്കുവാനാണ് അധികൃതര്‍  ആലോചിക്കുന്നത്. പുതിയ തീരുമാനം നടപ്പിലായാല്‍ നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ  ഫെബ്രുവരി 21 മുതൽ‌ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായുള്ള  രാജ്യങ്ങളുടെ പുതിയ  പട്ടിക ആരോഗ്യ വകുപ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ എല്ലാ രാജ്യങ്ങളിലേക്കുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍  നേരിട്ട്  അനുവദിക്കുമെന്ന് വ്യോമയാന മന്ത്രാലയത്തെ ഉദ്ധരിച്ച്  പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  

കോവിഡ്  വ്യാപനം കൂടിയതിനാല്‍  കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളാണ് രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. രാജ്യത്തേക്ക് യാത്രയാകുന്ന എല്ലാ യാത്രക്കാരും യാത്രക്ക് മുമ്പായി കുവൈറ്റ് മൊസാഫർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്തവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണ ബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്ക്  കഴിഞ്ഞ ഓഗസ്റ്റിലാണ് നിരോധനമേര്‍പ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം വിലക്കില്ലാത്ത രാജ്യങ്ങളില്‍ കഴിഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ആരോഗ്യ മന്ത്രാലയം  പട്ടിക പുതുക്കുന്നതിലൂടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുവാന്‍ സാധിക്കില്ലെങ്കിലും മറ്റ് രാജ്യങ്ങള്‍ വഴി കുവൈത്തിലേക്ക് മടങ്ങുവാന്‍ സാധിക്കും. അതോടപ്പം പട്ടികയില്‍ നിന്നും ഒഴിവാക്കുന്ന രാജ്യങ്ങളില്‍ നിന്നും നേരിട്ട് പ്രവേശിക്കാനും   ആരോഗ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള  ഇന്സ്ടിട്യുഷണൽ ക്വാറന്റൈനും യാത്രക്കാര്‍ അനുഷ്ഠിക്കേണ്ടി വരും.

Related News