കുവൈത്തിൽ ഹോസ്പിറ്റലുകളിൽ ഇനി അടിയന്തിര ശസ്ത്രക്രിയകൾ മാത്രം.

  • 21/02/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  ഉയർന്ന് വരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത്  ഹോസ്പിറ്റലുകളിൽ ഇനി അടിയന്തിരമായതോ , അത്യാവശ്യമായതോ ആയ ശസ്ത്രക്രിയകൾ മാത്രമേ നടത്താവൂ  എന്ന്  ആരോഗ്യവകുപ്പ് ഉപമന്ത്രി ഡോ. മുസ്തഫ റെഡ സർക്കുലർ പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

ആശുപത്രിയിൽ അഡ്മിറ്റ് ആവശ്യമായി വരുകയോ,   ജനറൽ അനസ്തേഷ്യ ആവശ്യപ്പെടുകയോ ചെയ്യുന്ന അടിയന്തരേതര മെഡിക്കൽ നടപടിക്രമങ്ങളും ആരോഗ്യ മന്ത്രാലയം മാറ്റിവച്ചിട്ടുണ്ട്, കൂടാതെ  എല്ലാ ആശുപത്രികളിൽ നിന്നും ഓപ്പൺ ഹാർട്ട് ഓപ്പറേഷനുകൾ ചെസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. 

എന്നാൽ   ഇബ്നു സീന ഹോസ്പിറ്റൽ, കുവൈറ്റ് കാൻസർ കണ്ട്രോൾ സെന്റർ,   അൽ-റാസി ഹോസ്പിറ്റൽ, സബ അൽ -അഹ്മദ് യൂറോളജി സെന്റർ എന്നീ നാല് ഹോസ്പിറ്റലുകളെ ഈ തീരുമാനത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.   

പൊതു ആശുപത്രികളിലെ “കോവിഡ് 19” രോഗികൾക്ക് കൂടുതൽ കിടക്കകളും വാർഡുകളും നൽകാനാണ് സർക്കുലർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായും, ചില ആശുപത്രികൾ അടുത്തിടെ വൈറസ് ബാധിച്ചവർക്കായി വാർഡുകൾ വീണ്ടും തുറന്നിട്ടുണ്ടെന്നും,  ആരോഗ്യ സംവിധാനത്തെയും അതിന്റെ ജീവനക്കാരെയും അമിതഭാരം ചുമത്താൻ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും  ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

Related News