ഒമാനില്‍ പ്രവാസികള്‍ക്ക് സ്വന്തമായി ഫ്ലാറ്റുകൾ വാങ്ങാം...

  • 20/10/2020

ഒമാനില്‍ പ്രവാസികള്‍ക്ക് സ്വന്തമായി ഫ്ലാറ്റുകൾ വാങ്ങാൻ അവസരം. ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഹിക - നഗരാസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ അല്‍ ഷുഐലി ഉത്തരവ് പുറപ്പെടുവിച്ചു. ഫ്ലാറ്റുകൾക്ക് പുറമെ ഓഫീസുകളും വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസിയായവര്‍ക്ക് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലാണ് കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുക. ബോഷര്‍, അമിറാത്ത്, സീബ് വിലായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് ഈ വിഭാഗത്തില്‍ പെടുന്ന കെട്ടിടങ്ങള്‍ കൈവശപ്പണയ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ അനുവദിച്ചിരിക്കുന്നത്. 50 വര്‍ഷത്തേക്കായിരിക്കും കരാര്‍ കാലാവധി. ഇത് പിന്നീട് 49 വര്‍ഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്. 


കെട്ടിടം വാങ്ങുന്ന വിദേശി 23 വയസ്സിന് മുകളില്‍ പ്രായമുള്ള ആളാവണം. കെട്ടിടങ്ങളിലെ 40 ശതമാനത്തിലധികം യൂണിറ്റുകള്‍ പ്രവാസികള്‍ക്ക് വില്‍ക്കാന്‍ പാടില്ല എന്നും ഒരേ രാജ്യത്ത് നിന്നുള്ളവര്‍ക്ക് 20 ശതമാനം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും നിബന്ധനയുണ്ട്. ഉടമസ്ഥനും അടുത്ത കുടുംബത്തിനും ഒരു യൂണിറ്റ് മാത്രമേ കൈവശപ്പെടുത്താനാകൂ. വാങ്ങി നാല് വര്‍ഷത്തിന് ശേഷം യൂണിറ്റ് വില്‍ക്കാന്‍ ഉടമക്ക് സാധിക്കും. പ്രവാസി ഉടമ മരിച്ചാല്‍ നിയമാനുസൃത അനന്തരാവകാശിക്ക് ഈ വസ്തു കൈമാറ്റം ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.

Related News