തിരിച്ചെത്തുന്ന പ്രവാസികൾക്ക് മൂന്ന് തവണ പിസിആർ പരിശോധന; 34 നിരോധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കാനൊരുങ്ങുന്നു.

  • 22/10/2020

കുവൈറ്റ് സിറ്റി;   മറ്റ് രാജ്യങ്ങളിൽ വച്ച് 14 ദിവസത്തെ  ക്വാറന്റൈൻ ആവശ്യമില്ലാതെ കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്ന പദ്ധതിക്ക് തീരുമാനമാനമാകുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യോമയാന മേഖല, ഹോട്ടൽ, ഗതാഗതം, റെസ്റ്റോറന്റുകൾ, എസ്‌എം‌ഇഎസ് എന്നിവയിൽ നിന്നുളള ബോർഡ് അംഗങ്ങളും കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് ചെയർമാൻമാരും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബയുമായി കൂടിക്കാഴ്ച നടത്തി. വിമാന സർവ്വീസ് പുനരാരംഭിക്കുകയും നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ വച്ച് 14 ദിവസത്തെ ക്വാറന്റൈൻ ചെലവഴിക്കുന്നതിനുപകരം  യാത്രക്കാരെ നേരിട്ട് കുവൈത്തിലേക്ക് സ്വീകരിക്കാനും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യാത്രക്കാർക്ക് പിസിആർ പരിശോധനയും ക്വാറന്റൈനും ഉൾപ്പെടുന്ന എല്ലാ മുൻകരുതലുകളും ഒരാഴ്ചത്തേക്ക് എടുക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ  നിർദ്ദേശം നൽകി.


നിരോധിതമല്ലാത്ത രാജ്യത്ത് വച്ച് 14 ദിവസം ചെലവഴിക്കാതെ 34 നിരോധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നേരിട്ട് കുവൈറ്റിലേക്ക്  സ്വീകരിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരെ രണ്ട് വിഭാഗങ്ങളായി തരം തിരിക്കും. ലോ റിസ്ക്  (കുറഞ്ഞ അപകടസാധ്യ), ഹൈ റിസ്ക് (ഉയർന്ന അപകടസാധ്യത) എന്നിങ്ങനെ വരുന്ന രാജ്യത്തെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് യാത്രക്കാരെ തരം തിരിക്കുക.  ഓരോ വിഭാഗത്തെയും കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങൾ സ്വീകരിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനം എടുത്തു. 


(ഹൈ റിസ്ക്)   ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങൾ നിന്ന് വരുന്ന പ്രവാസികൾ   3 തവണ പി‌സി‌ആർ പരിശോധന നടത്തണം, ആദ്യം  പുറപ്പെടുന്ന രാജ്യത്ത് നിന്ന് ഒരു പരിശോധനയും, രണ്ടാമത്തേത് കുവൈറ്റ് വിമാനത്താവളത്തിലെത്തിയ ശേഷം ഒരു പരിശോധനയും, മൂന്നാമത്തേത് ക്വാറന്റൈൻ കാലയളവ്  പൂർത്തിയാക്കിയതിന് ശേഷം ഒരു പരിശോധനയും നടത്തണം. ഇതിന്റെ ചെലവ് യാത്രക്കാർ വഹിക്കണമെന്നും അധികൃതർ വ്യക്തമാക്കി.  


(ലോ റിസ്ക്)  അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾ  രണ്ടുതവണ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതിയാകും.  പുറപ്പെടുന്ന രാജ്യത്ത് നിന്നും ആദ്യത്തേയും, കുവൈറ്റ്  വിമാനത്താവളത്തിൽ എത്തുമ്പോൾ രണ്ടാമത്തേയും പരിശോധന നടത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ആരോ​ഗ്യമന്ത്രാലയത്തെ റിപ്പോർട്ട് അനുസരിച്ച്  5 ദിവസത്തിനുള്ളിൽ  രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്ക് ഒരാഴ്ചത്തെ ക്വാറന്റൈൻ മതിയാകും, ഇത്തരക്കാർക്ക് 14 ദിവസത്തെ ക്വാറന്റൈൻ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. 

Related News