കുവൈറ്റിൽ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാൽ കർശന ശിക്ഷ

  • 23/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന ആരോ​ഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുമെന്ന മുന്നറിയിപ്പുമായി  അധികൃതര്‍. ആരോ​ഗ്യ പ്രവർത്തകർക്കെതിരെയുളള ആക്രമണങ്ങൾ പ്രതിരോധിക്കാനാണ് പുതിയ നടപടി.   ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് റാഖ പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് മുൻപ് ഹവല്ലി ഗവര്‍ണറേറ്റിലെ  ഹെല്‍ത്ത് സെന്ററില്‍ ജീവനക്കാരനും മെഡിക്കല്‍ പരിശോധനയ്ക്കെത്തിയ പ്രവാസിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആശുപത്രി ജീവനക്കാരനായ സ്വദേശിയും പരിശോധനയ്ക്കെത്തിയ പ്രവാസിയും തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചിരുന്നു. സംഘർഷത്തിൽ  ഇരുവര്‍ക്കും പരിക്കേറ്റിരുന്നു.

Related News