ഒമാനിൽ രാത്രി യാത്രാ കർഫ്യു പിൻവലിച്ചു; ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് തുടരും

  • 24/10/2020

മസ്കറ്റ്;  കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രിയാത്രാ വിലക്ക് അവസാനിച്ചതായി അധികൃതർ അറിയിച്ചു. കൊവിഡ് കേസുകൾ വീണ്ടും ക്രമാതീതമായി വർധിച്ചതോടെയായിരുന്നു വീണ്ടും വിലക്ക് ഏർപ്പെടുത്തിയിരുന്നത്.  ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് വിലക്ക് അവസാനിച്ചത്. എന്നാല്‍ ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

സഞ്ചാര വിലക്ക് അവസാനിക്കുന്നതോടെ ഇന്ന് മുതല്‍ മുവാസലാത്ത് ബസുകള്‍ സാധാരണ നിലയില്‍ സര്‍വ്വീസ് നടത്തും. മസ്‌കറ്റ്-സലാല സര്‍വ്വീസ് ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌കറ്റ് സിറ്റി സര്‍വ്വീസുകളും ഇന്റര്‍സിറ്റി സര്‍വ്വീസുകളും ഇന്ന് മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിരീക്ഷണം തുടരുമെന്നും പരമോന്നത സമിതി അറിയിച്ചു.

Related News