കുവൈറ്റിലേക്കുളള യാത്ര; 34 രാജ്യങ്ങളെ രണ്ടു വിഭാഗങ്ങളായി തരം തിരിക്കും; ഒരാഴ്ചയ്ക്കുളളിൽ അന്തിമ തീരുമാനം

  • 25/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ  പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.  34 രാജ്യങ്ങളെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ഇളവ് പ്രഖ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം കൂടുതൽ ഉളള ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട രാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് നീട്ടിവെയ്ക്കും. കൊവിഡ് വ്യാപനം കുറവുളള ലോ റിസ്‌ക് വിഭാഗത്തിലെ രാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച് വരും ആഴ്ചകളില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

നേരത്തെ കുവൈറ്റ് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ്, ഡിജിസിഎ എന്നിവര്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ധാരണയിലെത്തിയിരുന്നു. ക്രമേണ, പ്രവേശനവിലക്ക് നീക്കാനും തീരുമാനമായിരുന്നു. ഇതിന് പുറമെ, ക്വാറന്റൈന്‍ നേരിട്ട് കുവൈറ്റില്‍ പൂര്‍ത്തിയാക്കാനും അനുവദിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള അവലോകനം നടക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടായേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News