കുവൈത്ത് കെ.എം.സി.സി. അനുസ്മരണം സംഘടിപ്പിച്ചു: ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് മാതൃകാ സ്ഥാനം-പ്രൊഫ. ഖാദർ മൊയ്‌തീൻ

  • 26/10/2020

കുവൈത്ത് കെ.എം.സി.സി. അന്തരിച്ച ബഹുമാന്യ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റയും മഹാനായ മുസ്ലിം ലീഗ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെയും  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് അമീറിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായതെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് എന്നും മാതൃകാ സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.  അമീറിന്റെ നിര്യാണത്തെ തുടർന്ന് കുവൈത്ത് കെ.എം.സി.സി. സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അമീർ എന്നും മുൻപന്തിയിലുണ്ടായിരുന്നുന്നും. ഷെയ്ഖ് സബാഹിന്റെ 2006  ലെ ഇന്ത്യാ സന്ദർശന വേളയിൽ അന്നത്തെ വിദേശകാര്യ മന്ത്രി ഇ.അഹമ്മദ് ഒരുക്കിയ വിരുന്നിൽ കെ.എം.സി.സി. പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്തിന്റെ കൂടെ ചടങ്ങിന് സാക്ഷിയായതും ഖാദർ മൊയ്തീൻ അനുസ്മരിച്ചു.

കേരളീയ വിദ്യാഭ്യാസ നവോത്ഥാനത്തിന് അടിത്തറയൊരുക്കിയ മികച്ച ഭരണാധികാരിയായിരുന്നു സി.എച്ച്.മുഹമ്മദ് കോയ. മതേതരത്വവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുന്നതിന് വലിയ സംഭവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.
കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു അദ്ദേഹം. അനാഥരുടെ അത്താണിയായി ജനങ്ങള്‍ക്ക് വേണ്ടി നില കൊണ്ടു. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ ജനഹൃദയങ്ങളില്‍ ഇടംപിടച്ച നിസ്വാര്‍ത്ഥ സേവനക്കാരനായിരുന്നു സി.എച്ച്. എന്നും ഖാദർ മൊയ്തീൻ സാഹിബ് പറഞ്ഞു.

അറബ് നാടുകളുടെയും  ഇസ്ലാമിക  ലോകത്തിന്റയും ഐക്യത്തിനുവേണ്ടി നിലകൊണ്ട നേതാവായിരുന്നു അന്തരിച്ച മുൻ  കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് എന്ന് ഐ.പി.സി. (ഇസ്ലാമിക് പ്രസെന്റേഷൻ കമ്മറ്റി) ജനറൽ മാനേജർ ഉസ്മാൻ അൽ തുവൈനി അനുസ്മരിച്ചു. ഇസ്‌ലാമിക പൈതൃകം ഏറ്റവും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് അമീർ ശ്രമിച്ചെതെന്നും ഇസ്ലാമിക പ്രബോധനപ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹായങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വിവേക ശാലിയായ രാഷ്ട്ര നായകനായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് എന്ന്   ദി ടൈംസ് ഓഫ് കുവൈത്ത് മാനേജിങ്ങ് എഡിറ്റർ ശ്രീ റിവെൺ ഡിസൂസ അനുസ്മരിച്ചു.  മുൻ അമീറിന്റെ കൂടെയുള്ള 2017  ലെ ഇന്ത്യ സന്ദർശനം അദ്ദേഹത്തെ കൂടുതൽ അടുത്തറിയുവാനും ആ സ്നേഹസാമീപ്യം കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞതായും  റിവെൺ പങ്കുവെച്ചു.

സൂം ആപ്ളിക്കേഷൻ മുഖേന ഓൺലൈനിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിൽ കെ.എം.സി.സി. പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറി ടി.ടി.ഷംസു, കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.കെ. മഹമൂദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത് എന്നിവർ സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു. സംസ്ഥാന പ്രവർത്തക സമിതിയംഗവും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ മുഹമ്മദ്  അബ്ദുൽ സത്താർ ഖുർആൻ പാരായണം   നടത്തി.

Related News