ഒമാനിൽ അടുത്ത വർഷം മുതൽ തൊഴിൽ വിസക്കായുള്ള ഫീസ്​ വർധിക്കും

  • 29/10/2020

ഒമാനിൽ അടുത്ത വർഷം മുതൽ വിദേശികളുടെ തൊഴിൽ വിസക്കായുള്ള ഫീസ്​ വർധിക്കും. അഞ്ച്​ ശതമാനമായിരിക്കും വർധിക്കുക. ഈ അധിക തുക സ്വദേശി തൊഴിലാളികൾക്കായി പുതുതായി രൂപവത്​കരിച്ച തൊഴിൽ സുരക്ഷ സംവിധാനത്തിലേക്ക്​ മാറ്റിവെക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതുതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും അധിക ഫീസ്​ നൽകേണ്ടിവരും. ഹൗസ്​ ഡ്രൈവർമാർ, വീട്ടുജോലിക്കാർ, കൃഷി തോട്ടക്കാർ തുടങ്ങിയ തസ്​തികകളിലേക്കുള്ള പെർമിറ്റുകൾ, മറ്റ്​ പ്രത്യേക തൊഴിൽ പെർമിറ്റുകൾ എന്നിവക്ക്​ ഈ വർധനവ്​ ബാധകമായിരിക്കില്ല.
നവംബർ ഒന്നിനാണ്​ തൊഴിൽ സുരക്ഷാ സംവിധാനത്തിന്റെ (ജെ.എസ്​.എസ്​) ആദ്യ ഘട്ടം പ്രവർത്തനമാരംഭിക്കുക. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജോലി നഷ്​ടപ്പെട്ട സ്വദേശികൾക്ക്​ മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ്​ സംവിധാനം ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്​. അടുത്ത ഘട്ടത്തിൽ തൊഴിലന്വേഷകരെയും കൂടി ഉൾപ്പെടുത്തി സംവിധാനത്തിന്റെ പ്രവർത്തനം വിപുലീകരിക്കും. ഇതിന്റെ നിബന്ധന പ്രകാരം ഏതെങ്കിലും തൊഴിലുടമക്ക്​ സ്വദേശി ജീവനക്കാരനെ പിരിച്ചുവിടണമെന്നുണ്ടെങ്കിൽ മൂന്ന്​ മാസം മുമ്പ്​ തൊഴിൽ മന്ത്രാലയത്തെ വിവരമറിയിക്കണം. ഇങ്ങനെ തൊഴിൽ നഷ്​ടപ്പെടുന്നവർക്ക്​ താൽക്കാലിക സാമ്പത്തിക സഹായം നൽകുന്നതിന്​ ഒപ്പം പുതിയ തൊഴിലവസരങ്ങൾ അന്വേഷിക്കുന്നതിന്​ സഹായിക്കുകയും പരിശീലനം ആവശ്യമുള്ളവർക്ക്​ അത്​ നൽകുകയും ചെയ്യുമെന്ന്​ ഗവൺമെൻറ്​ കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.

Related News