ഒമാനിൽ അനധികൃത പണമിടപാട്; വ്യക്തികൾക്കും, സംഘടനകൾക്കും മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്

  • 05/11/2020

ഒമാനിൽ  അനധികൃതമായി പണമിടപാട് നടത്തുന്ന  വ്യക്തികൾക്കും, സംഘടനകൾക്കും സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്.  ഒമാൻ സ്വദേശികളും  രാജ്യത്തെ സ്ഥിരതാമസക്കാരായ വിദേശികളും  പണമിടപാടുകൾ നടത്തുമ്പോൾ  ജാഗ്രത പാലിക്കണമെന്നും വിദേശത്തേക്ക് പണമയക്കുവാൻ  രാജ്യത്ത് നിയമപരമായി അനുവാദമില്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന വ്യക്തികളുമായും  സംഘടനകളുമായും ബന്ധപ്പെടരുതെന്നുമാണ്  സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്.

നിയമപരമായി അനുവാദമില്ലാത്ത പണമിടപാടുകൾ രാജ്യത്ത് നടത്തുന്നത് നിയമവിരുദ്ധമാണ്, ഇത് ഒമാൻ നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്നും  സെൻട്രൽ ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. ധനസഹായം നൽകുന്ന രണ്ടാം നിര, അല്ലെങ്കിൽ മൊത്തവ്യാപാര  സ്ഥാപനങ്ങളിൽ നിന്നും  ലൈസൻസില്ലാതെ പണം സ്വരൂപിച്ച് കൈമാറ്റം ചെയ്യുന്നതിനെതിരെയും  ഒമാൻ സെൻട്രൽ ബാങ്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അനധികൃത പണമിടപാടുകൾ, ഒമാനി ബാങ്കിംഗ്‌ നിയമം, ദേശീയ പേയ്‌മെന്റ് സിസ്റ്റംസ് നിയമം എന്നിവ അനുസരിച്ചു കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനകാര്യ നിയമം എന്നിവ ലംഘിക്കുന്നതാണ്. ഇതിൽ ഇടപെടുന്ന വ്യക്തികൾ  തടവും പിഴയും ഉൾപ്പെടെ ശിക്ഷയ്ക്ക്  വിധേയരാകേണ്ടിവരുമെന്നും സെൻട്രൽ ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു.

Related News