ഒമാനിൽ എത്തുന്നവർക്ക് കൊവിഡ് പരിശോധനാഫലം നിർബന്ധം; നവംബർ 11 മുതൽ നിബന്ധന പ്രാബല്യത്തിൽ

  • 05/11/2020

 ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം കൊവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന നിബന്ധന നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുമെന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനക്കമ്പനികൾക്കായി  അയച്ച സർക്കുലറിലാണ്​ ഇക്കാര്യം അറിയിച്ചത്​. കഴിഞ്ഞ നവംബർ ഒന്നിന്​ നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ കൊവിഡ് പരിശോധന സംബന്ധിച്ച തീരുമാനമെടുത്തത്​. ഇതനുസരിച്ച്​ ഒമാനിലേക്ക്​ വരുന്നവർ യാത്ര പുറപ്പെടുന്നതിന്​ 96 മണിക്കൂറിനിടയിലാണ്​ കൊവിഡ്​ പി.സി.ആർ പരിശോധനക്ക്​ വിധേയമാകേണ്ടത്​.

 അംഗീകൃത സ്ഥാപനങ്ങളിലായിരിക്കണം പരിശോധന നടത്തേണ്ടത്​. ഒമാനിലെത്തുന്ന യാത്രക്കാർക്ക്​ പതിവ്​ പോലെ പി.സി.ആർ പരിശോധന ഉണ്ടായിരിക്കും. ഈ പരിശോധനാഫലം നെഗറ്റീവ്​ ആയിട്ടുള്ളവർക്ക്​ ഏഴ്​ ദിവസം ഐസൊലേഷനിൽ കഴിഞ്ഞ ശേഷം എട്ടാമത്തെ ദിവസം അടുത്ത പി.സി.ആർ നടത്തി ക്വാറന്റൈൻ അവസാനിപ്പിക്കാം. മൂന്നാമത്​ പരിശോധനക്ക്​ താൽപ്പര്യമില്ലാത്തവർക്ക്​ നേരത്തേയുള്ളത്​ പോലെയുള്ള 14 ദിവസം ക്വാറന്റൈൻ രീതി തുടരാം. 15 വയസ്സും അതിൽ താഴെയും പ്രായമുള്ളവർ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടതില്ലെന്നും  സർക്കുലറിൽ വ്യക്തമാക്കുന്നു.

Related News