21 വയസ് തികഞ്ഞവരുടെ മദ്യപാനം കുറ്റകരമല്ല, അവിവാഹിതരുടെ സഹവാസത്തിന് അനുമതി: നിയമങ്ങള്‍ മാറ്റാനൊരുങ്ങി യു.എ.ഇ

  • 07/11/2020

യുഎഇയിൽ  നിലവിലുണ്ടായിരുന്ന വ്യക്തി നിയമങ്ങളില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ഭരണകൂടം. പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീഡ്യുറല്‍ ലോ എന്നിവയിലെ ചില ആര്‍ട്ടിക്കിളുകളില്‍ ഭേദഗതി വരുത്തി യുഎഇ  പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഉത്തരവിറക്കിയത്. വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, പ്രവാസികളുടെ വില്‍പ്പത്രവും പിന്തുടര്‍ച്ചാവകാശവും,  ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റമുണ്ടാകുന്നത്.

പുതിയ നിയമപരിഷ്‌കാരങ്ങള്‍ പ്രകാരം ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശിക്ഷാര്‍ഹമല്ല. എന്നാല്‍ ഇതില്‍ 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണെങ്കില്‍, പ്രതി ഇരയുടെ അടുത്ത ബന്ധുവാണെങ്കില്‍, ഈ സാഹചര്യങ്ങളില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ശിക്ഷാര്‍ഹമാണ്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കെതിരെയുള്ള ലൈംഗിക പീഡനം എന്നിവ വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തില്‍ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിലൂടെ എതിര്‍ ഭാഗത്തുള്ള വ്യക്തിക്ക് ഹാനികരമായ സംഭവമുണ്ടായാല്‍ ആ വ്യക്തി കുറ്റകൃത്യത്തിന് ഉത്തരവാദിയായിരിക്കില്ലെന്നും പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. 

മദ്യപാനം, മദ്യവില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം മദ്യപാനം, മദ്യവില്‍പ്പന എന്നിവയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമാണ് ശിക്ഷ ലഭിക്കുക. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വേണ്ടി മദ്യം വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്ക് ആദ്യ തവണ ഇനി മുതല്‍ ജയില്‍ശിക്ഷയ്ക്ക് പകരം പിഴ ചുമത്തുകയാവും ചെയ്യുക. 
പുതിയ ഭേദഗതി പ്രകാരം സ്വദേശികളല്ലാത്ത താമസക്കാര്‍ക്ക് പിന്തുടര്‍ച്ചാകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാം. അതത് രാജ്യത്തെ പേഴ്ണല്‍ സ്റ്റാറ്റസ് ലോ അനുസരിച്ച് പ്രവാസികളുടെ മരണശേഷം സ്വത്ത് കൈമാറ്റം നടത്താമെന്നും പുതിയ ഉത്തരനവിൽ വ്യക്തമാക്കുന്നു. 

Related News