കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി വ്യാജ പ്രചരണം നടത്തുന്ന പ്രതിപക്ഷതന്ത്രത്തിനെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കോവിഡുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങൾ തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും കോലാഹലം ഉയർത്തുന്നുണ്ടെങ്കിൽ ഇത് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്. മനുഷ്യജീവനെ രക്ഷിക്കാൻ ആവശ്യമായ വിവരങ്ങളുടെ ശേഖരണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണനടപടികളും, ഫയലൊക്കെ ഉണ്ടാക്കി സെക്രട്ടറിയറ്റിലെ ക്ലർക്കുമുതൽ ചീഫ് സെക്രട്ടറിവരെ ഒപ്പിട്ട് ഗവർണറുടെ പേരിൽ ഉത്തരവായിട്ട് മതിയെന്നു പറയുന്നത് അടുത്തകാലത്ത് കേൾക്കുന്ന ഏറ്റവും ക്രൂരമായ രാഷ്‌ട്രീയതമാശയായിരിക്കും. ‘ആരോഗ്യമന്ത്രിയുടെ മീഡിയാമാനിയ; മുഖ്യന്ത്രി പത്രക്കുറിപ്പ് ഇറക്കിയാൽ പോരേ? സർക്കാർ അനാവശ്യമായി ഭീതി പരത്തുകയാണ്, അമേരിക്കക്കാർ ചെയ്തതുപോലെയുള്ള നടപടികൾ ചെയ്താൽ പോരേ’ എന്നൊക്കെയുള്ള ക്രൂരമായ അസംബന്ധങ്ങളുടെ തുടർച്ചതന്നെയാണ് ഈ വിവാദവും.
പതിനായിരക്കണക്കിനുപേർ ലോകമെമ്പാടും മരിച്ചുവീഴുമ്പോൾ കേരളത്തിന് രക്ഷിക്കാൻ കഴിയാതെപോയത് 2 പേരെമാത്രമാണ്. ലോകത്തെ ഏത് സ്റ്റാൻഡേർഡ് വച്ച് പറഞ്ഞാലും അത്ഭുതംതന്നെയാണ്. ഇതിനെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രി പറഞ്ഞപോലെ, അങ്ങേയറ്റം വികൃതമാണ്.
ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുള്ള മലയാളികളെയും പ്രവാസികളെയും തിരിച്ചെത്തിക്കാനും പരിചരിക്കാനും സാമൂഹ്യവ്യാപനം തടയേണ്ടതിനുമാണ് തിടുക്കപ്പെട്ട് ഈ പ്രക്രിയകളിലൂടെ സർക്കാരിന് പോകേണ്ടിവരുന്നത്. നടപടികൾ പാലിച്ചും നിയമസാധുതകൾ അന്വേഷിച്ചും അനുമതികൾ പല തലങ്ങളിൽനിന്ന് വാങ്ങിയും ഇതൊക്കെ ചെയ്താൽ മതി ഹേ എന്നു പറയുകയും കരുതുകയും ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അധികാര രാഷട്രീയത്തിന്റെ ഇടനാഴികളിൽ ലേലംവിളിച്ച് പോകാനുള്ളതല്ല മനുഷ്യജീവൻ. അഥവാ മനുഷ്യനുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, അധികാരമുള്ളൂ-. ദീർഘമായ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?