കുവൈറ്റിൽ ഇനി മുതൽ 130 ദിനാർ നിരക്കിൽ പുതിയ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് .

  • 15/11/2020

കുവൈറ്റ് സിറ്റി;   ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനിയുടെ കീഴിലുള്ള "ദമാൻ" ആശുപത്രികൾ അടുത്ത വർഷം അവസാനത്തോടെ പൂർണമായും പ്രവർത്തനമരാംഭിക്കും. ഈ ആശുപത്രികൾ പ്രവർത്തനമാരംഭിച്ചാൽ 130 ദിനാർ നിരക്കിൽ പുതിയ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്  എല്ലാ വിദേശികൾക്കും ലഭ്യമാക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.   പരിശോധന,  ഫീസില്ലാതെ ചെക്കപ്പ്,  എക്സ്-റേ, ലബോറട്ടറി ടെസ്റ്റുകൾ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, ചികിത്സ,  ആശുപത്രി അഡ്മിറ്റ്, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചികിത്സാ ചെലവുകൾ ഇൻഷുറൻസിൽ  അടങ്ങിയിരിക്കും. ഓരോ സന്ദർശനത്തിനും  പ്രത്യേക കൺസൾട്ടേഷന് വേണ്ടി രണ്ട് ദിനാർ ഇതിന് പുറമെ ഈടാക്കുെമന്നും റിപ്പോർട്ടിൽ പറയുന്നു. 

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന രണ്ട് ദശലക്ഷം ആളുകൾക്കും  അവരുടെ കുടുംബാംഗങ്ങൾക്കും  പുതിയ ആരോഗ്യ ഇൻഷുറൻസ് കേന്ദ്രമായി "ദമാൻ" മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സർക്കാർ മേഖലയിലെ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമുള്ള  സാധാരണ രീതിയിലുളള ആരോഗ്യ ഇൻഷുറൻസ്  തുടരുകയും ചെയ്യും. 

ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുറന്ന് "ദമാൻ" കഴിഞ്ഞ വർഷം വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൊത്തം 600 കിടക്കകളുള്ള ആശുപത്രികൾ നിലവിൽ അഹ്മദി, ജഹ്‌റ എന്നിവിടങ്ങളിൽ നിർമ്മിക്കുന്നു. ഫർവാനിയയിൽ മൂന്നാമത്തെ ആശുപത്രിയുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ മൂന്ന് ആശുപത്രികളുടെ മൊത്തം ശേഷി 900 കിടക്കകളായിരിക്കുമെന്നും റിപ്പോർട്ടിൽ  പറയുന്നു.  നിർമ്മാണം പൂർത്തിയാകുന്നതോടെ ഗവർമെന്റ് ഹോസ്പിറ്റലുകളിലെ സമ്മർദ്ദം കുറയുമെന്നാണ് റിപ്പോർട്ട്. 

Related News