കുവൈറ്റിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കുന്ന വിദേശികളുടെ വിവരങ്ങൾ ശേഖരിക്കുന്നു

  • 16/11/2020

കുവൈറ്റിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കുന്നതിനുളള പ്രായപരിധിയും, നാഷണാലിറ്റി തുടങ്ങിയ  വിവരങ്ങളും ശേഖരിക്കാനുളള ശ്രമം തുടങ്ങി.  ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ സിവിൽ കാർഡ് ഇൻഫർമേഷനുമായി ആരോഗ്യമന്ത്രാലയം വിവരശേഖരണത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. പ്രധാനമായും വിദേശികളുടെ ദേശീയത, താമസസ്ഥലം, പ്രായപരിധി, എന്നിവ അനുസരിച്ച് ഓരോ വ്യക്തിയുടെയും പേരുകൾ അടങ്ങുന്ന  വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം നടക്കുന്നത്. വിവിധ ഗവർണറേറ്റുളിലും ഏരിയകളിലുമുളള  ആളുകളുടെ വിവരം ശേഖരിക്കുകയും തുടർന്ന് ഇവർക്ക് കൊവിഡ് വാക്സിനേഷൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങളിലേക്ക് നീങ്ങുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

 പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധമേഖലകളിലെ പ്രതിരോധ കുത്തിവെപ്പുകൾക്കുളള പ്രതിരോധ ആരോഗ്യ കേന്ദ്രങ്ങളിലും ശേഖരിച്ച വിവരങ്ങൾ ഇലക്ട്രോണിക് ഫയലുമായി  ബന്ധിപ്പിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.   അത്യാധുനിക സംവിധാനം വഴിയാണ് വാക്സിനേഷൻ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ടുളള പ്രവർത്തനങ്ങൾ നടക്കുന്നത്. ആരോ​ഗ്യ മേഖലയിലെ ശ്ലോനാക് പോലുള്ള ആപ്ലിക്കേഷന്റെ  പ്രവർത്തനം പോലെ സമാന  രീതിയായിരിക്കും ഇതിലും ഉപയോ​ഗിക്കുക. അതേസമയം കൂടുതൽ വാക്സിൻ എത്തിക്കുന്നതിലും അത് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടുളള  പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രാലയം ചെയ്തുവരികയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

 വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ട്രെയിനിങ് നൽകിയതിനുശേഷം ഡോക്ടർമാരും, നഴ്സുമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടെ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുമെന്നും അധികൃതർ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിലെ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ  വാക്സിൻ ലഭ്യമാക്കുന്നതിന് മുൻഗണന നൽകുക. അതേസമയം കുട്ടികൾക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യമന്ത്രി ഡോക്ടർ ബാസിൽ അൽ സബയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒരു സമിതി രൂപീകരിച്ചു. വാക്സിനേഷൻ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, നടപ്പിലാക്കുക എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർണയിക്കാനാണ് സമിതി രൂപീകരിച്ചത്.

Related News