നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് മടക്കയാത്ര ഉടനില്ല; തെരഞ്ഞെടുപ്പിന് ശേഷമെന്ന് അധികൃതർ

  • 21/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുളള യാത്ര ഉടനില്ലെന്ന് റിപ്പോർട്ട്.  വിവിധ ​രാജ്യങ്ങളിലെ കൊവിഡ്​ വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെന്നും, ഏതെങ്കിലും രാജ്യത്തുളള വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.  ഡിസംബർ അഞ്ചിന് നടക്കുന്ന​ കുവൈത്ത്​ പാർലമെന്റ്​ തെരഞ്ഞെടുപ്പിന് ശേഷമാകും രാജ്യത്തേക്ക് നിരോധിത രാജ്യങ്ങളിൽ നിന്നുളള യാത്രക്കാരെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുകയുളളൂവെന്നും അധികൃതർ വ്യക്തമാക്കി​. അതേസമയം, തെരെഞ്ഞെടുപ്പിൽ പങ്കാളികളാകുന്ന  ജഡ്ജിമാർ, പ്രതിനിധികൾ, മാധ്യമ പ്രൊഫഷണലുകൾ, പോലീസുകാർ എന്നിവർ കൊവിഡ് പരിശോധനഫലം സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

നേരത്തെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ​ഗാർഹിക തൊഴിലാളികളെ ആദ്യ കൊണ്ടുവരുമെന്നും, ഇവരുടെ പേരും വിവരങ്ങളും ഉൾപ്പെടെ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പ്ലാറ്റ് ഫോം നിർമ്മിക്കുകയും ചെയ്തിരുന്നു.  4, 5 മാസത്തിനുള്ളിൽ 80,000 ​ഗാർഹികതൊഴിലാളികൾ കുവൈത്തിലേക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. പ്രതിദിനം രണ്ട് വിമാന സർവ്വീസുകളിലായി 600 ഓളം ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനാണ് അധികൃതർ പദ്ധതിയിടുന്നത്.  കുവൈത്തിലേക്ക് എത്തിച്ചേരുന്നതിന് മുൻപ് പിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ച് കൊണ്ടാകും ​ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് മടക്കിക്കൊണ്ടുവരുക. ഇതിനുളള നടപടി ക്രമങ്ങളിലേക്ക് കടക്കുകയാണ് അധികൃതർ.  തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന് ശേഷം 7 ദിവസം കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. 

Related News