ഡിസംബർ 10 മുതൽ ​ഗാർഹിക തൊഴിലാളികൾ കുവൈറ്റിലെത്തും; ഇന്ത്യയിൽ നിന്നുളളവർ ആദ്യ ഘട്ടത്തിൽ

  • 22/11/2020

കൊവിഡ് പശ്ചാത്തലത്തിൽ 34 രാജ്യങ്ങൾക്ക് കുവൈറ്റിലേക്ക് നേരിട്ടുളള യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തിന് പുറത്തുളള ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായി. ഡിസംബർ 10 മുതൽ ​ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നേരത്തെ ​ഗാർഹിക തൊഴിലാളികളെ എത്രയും പെട്ടെന്ന് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾ രം​ഗത്തെത്തിയിരുന്നു. രാജ്യത്ത് ​ഗാർഹിക തൊഴിലാളികളുടെ ക്ഷാമം വർധിച്ചതും, വ്യാ​ജ തൊഴിലാളികൾ രാജ്യത്ത് വർധിച്ചുവരുന്നതുമാണ് ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനുളള നടപടി വേ​ഗത്തിലാക്കിയത്. 

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയിൽ ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ  അനുമതി നൽകിയിട്ടുണ്ട്. അതേസമയം, കൊവിഡ് മാർ​ഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് കൊണ്ടാകണം തൊഴിലാളികളെ മടക്കിക്കൊണ്ടുവരേണ്ടതെന്നും അധികൃതർ നിർദ്ദശം നൽകിയിട്ടുണ്ട്.  ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്‌, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെയാകും ആദ്യ ഘട്ടത്തിൽ കൊണ്ടു വരിക. ഇതിൽ ഇന്ത്യയിൽ നിന്നുള്ളവർക്കാണു പ്രഥമ പരിഗണന. ഇതിനായി തയ്യാറാക്കുന്ന പ്രത്യേക ഫ്ലേറ്റ്‌ ഫോമിൽ തൊഴിലാളികളെ തിരികെ കൊണ്ടു വരാൻ താൽപര്യമുള്ള സ്പോൺസർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇവർ സാധുവായ താമസ രേഖ ഉള്ളവരായിരിക്കണം. തിരിച്ചെത്തുന്ന തൊഴിലാളികൾ വിമാനതാവളത്തിൽ വെച്ച്‌ ആദ്യ പി.സി.ആർ.പരിശോധനക്കും തുടർന്ന് രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനും വിധേയരാകണം. താമസ സ്ഥലത്തെ വാടക, ഭക്ഷണം, ഗതാഗതം ഈ ചെലവുകളും സ്പോൺസർ വഹിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.

Related News