കുവൈറ്റിലേക്ക് മടങ്ങിവരുന്ന ​ഗാർഹിക തൊഴിലാളികൾക്കുളള ടിക്കറ്റ് നിരക്ക് പുറത്തുവിട്ടു

  • 22/11/2020

കുവൈറ്റ് സിറ്റി;  5 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന ​ഗാർഹിക തൊഴിലാളികൾക്കുളള ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. ആദ്യഘട്ടത്തിൽ തിരിച്ചുവരുന്ന ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്‌, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കുളള ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചിട്ടുളളത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും, കുവൈറ്റ് എയർവേഴ്സിന്റെയും, ജസീറ എയർവേഴ്സിന്റെയും മാനേജ്മെന്റും  ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ക്വാറന്റൈൻ, പിസിആർ പരിശോധന, ടിക്കറ്റ് വില എന്നിവ ഉൾപ്പടെ 350 ദിനാറിന് ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കുറഞ്ഞ പാക്കേജിൽ ​ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണമെന്ന് അധികൃതർ നേരത്തെ നിശ്ചയിച്ചിരുന്നു.


ഇന്ത്യയിൽ നിന്നുളളവർക്കുളള  വിമാന ടിക്കറ്റ് നിരക്ക് 110 ദിനാറായിരിക്കും. ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്‌, എന്നിവിടങ്ങളിൽ നിന്നുളളവർക്കുളള ടിക്കറ്റ് നിരക്ക് 145 ദിനാറായിരിക്കും, ഫിലിപ്പീൻസിൽ നിന്ന്  മടങ്ങുന്നവർക്ക് 200 ദിനാറായിരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം,  ഡിസംബർ 10 മുതൽ ​ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയിൽ ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ  അനുമതി നൽകിയിട്ടുണ്ട്.  കൊവിഡ് മാർ​ഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് കൊണ്ടാകണം തൊഴിലാളികളെ മടക്കിക്കൊണ്ടുവരേണ്ടതെന്നും അധികൃതർ നിർദ്ദശം നൽകിയിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്‌, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെയാകും ആദ്യ ഘട്ടത്തിൽ കൊണ്ടു വരിക. 

Related News