18 വർഷമായി ജയിലിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരന്റെ മോചനാപേക്ഷ ദുബൈ പ്രാഥമിക കോടതി തള്ളി

  • 27/03/2021

ദുബൈ: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരന്റെ മോചനാപേക്ഷ ദുബൈ പ്രാഥമിക കോടതി തള്ളി. 2003ൽ നടന്ന കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട പ്രതി ആ വർഷം മുതൽ ദുബൈ സെൻട്രൽ ജയിലിൽ തടവിലാണ്.

ഇത് രണ്ടാം തവണയാണ് ഇയാളുടെ മോചനാപേക്ഷ തള്ളുന്നത്. ഇതിന് മുമ്പ് 2017ലും മോചനം ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിച്ചിരുന്നു. നയിഫ് ഏരിയയിൽ കടയുടമയെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്ന ശേഷം എടിഎം കാർഡും പണവും മൊബൈൽ ഫോണും കൊള്ളയടിച്ച കേസിലാണ് ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളിലൊരാൾ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചിരുന്നു. ഇയാളുടെ മുഖം ക്യാമറയിൽ പതിഞ്ഞതായണ് കേസിൽ വഴിത്തിരിവായത്. ഇയാളെ പിടികൂടിയതോടെ കൂട്ടുപ്രതികളുടെയും വിവരം ലഭിച്ചു.

ഇന്ത്യക്കാരനാണ് കടയുടമയെ തലയ്ക്കടിച്ച് വീഴ്ത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്ന് ഇയാൾക്കും പാകിസ്ഥാൻ സ്വദേശികളായ മറ്റ് പ്രതികൾക്കും ശിക്ഷ വിധിക്കുകയായിരുന്നു. തടവുശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും. കേസിലെ മൂന്നാം പ്രതി സംഭവത്തിന് ശേഷം രാജ്യം വിട്ടിരുന്നു. പിന്നീട് 2016ൽ തിരിച്ച് രാജ്യത്ത് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. കൊലപാതകം നടക്കുമ്പോൾ ഇന്ത്യക്കാരന് 22 വയസ്സായിരുന്നു പ്രായം.

Related News