സുഹൃത്തിന് ഡ്രൈവിങ് ലൈസൻസ് കിട്ടാനായി വ്യാജരേഖയുണ്ടാക്കി 'സഹായിച്ച' പ്രവാസിയ്ക്ക് ശിക്ഷ

  • 27/03/2021



ഫുജൈറ: സുഹൃത്തിന് ഡ്രൈവിങ് ലൈസൻസ് കിട്ടാനായി വ്യാജരേഖയുണ്ടാക്കി 'സഹായിച്ച' പ്രവാസിയ്ക്ക് ശിക്ഷ ശരിവെച്ച് ഫുജൈറ അപ്പീൽ കോടതി. യുവാവിന് ആറ് മാസം ജയിൽ ശിക്ഷയും അത് അനുഭവിച്ച ശേഷം നാടുകടത്താനുമാണ് നേരത്തെ കീഴ്‌കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഇയാൾ അപ്പീൽ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.

ശിക്ഷക്കപ്പെട്ട യുവാവിന്റെ സുഹൃത്തും ഡ്രൈവിങ് ലൈസൻസിന്റെ അപേക്ഷകനുമായിരുന്ന രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിടുകയും ചെയ്‍തു. താൻ ജോലി ചെയ്യുന്ന കമ്പനിയുടെ പേരിൽ വ്യാജ നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കി, ഡ്രൈവിങ് ലൈസൻസി കിട്ടാൻ സഹായിക്കാമെന്ന് പ്രതി സുഹൃത്തിനെ അറിയിക്കുകയായിരുന്നു എന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്.

ഫുജൈറ പൊലീസിലെ ട്രാഫിക് ആന്റ് ലൈസൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കിയ എൻ.ഒ.സി വ്യാജമാണെന്ന് അധികൃതർ കണ്ടെത്തിയതോടെയാണ് രണ്ട് പേരും കുടുങ്ങിയത്. എന്നാൽ വിചാരണക്കിടെ തന്നെ സുഹൃത്ത് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ലൈസൻസ് കിട്ടുന്നതിനുള്ള നടപടികൾ കുറഞ്ഞ ചെലവിൽ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് അപേക്ഷകൻ കോടതിയിൽ പറഞ്ഞത്.

Related News