കൊവിഡ് കാലത്തും നേട്ടം കൊയ്ത് കുവൈത്തിലെ ഇൻഷൂറൻസ് കമ്പനികൾ

  • 25/11/2020


കുവൈത്ത് സിറ്റി; കൊവിഡ് പ്രതിസന്ധി മൂലം ലോകത്തും കുവൈറ്റിലെയും എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ലാഭം നേടി കുവൈറ്റിലെ ഇൻഷൂറൻസ് കമ്പനികൾ. ഈ നടപ്പുവർഷത്തിൽ ഇൻഷുറൻസ് കമ്പനികൾ മികച്ച ലാഭം ഉണ്ടാക്കി എന്നാണ് റിപ്പോർട്ട്. നടപ്പുവർഷത്തെ മൂന്നാം പാദത്തിലും 9 മാസങ്ങൾക്കുള്ളിൽ ഇൻഷൂറൻസ് കമ്പനികളിലെ രേഖാമൂലമുള്ള പ്രീമിയങ്ങളുടെ  തുടർച്ചയായ വർധനവും, ഇതുമായി ബന്ധപ്പെട്ട് മറ്റ് കമ്പനികളിൽ ഉള്ള നിക്ഷേപത്തിന്റെ  വർധനയും, കമ്പനികളിലെ ഓപ്പറേറ്റിങ് റവന്യൂവിൽ  ഉണ്ടായ വർധനവും, സാങ്കേതികപരമായ ലാഭവുമാണ്  ഇൻഷുറൻസ് കമ്പനികൾക്ക് മികച്ച നേട്ടം കൊയ്യാൻ  കാരണമായത്.

 കുവൈറ്റ് വിപണിയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾക്ക് ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ  മൊത്തം ലാഭം 31.8 ദശലക്ഷം ഡോളറാണ്, 2019 ലെ ഇതേ കാലയളവിനുള്ളിൽ ഇത് 33 മില്യൺ ഡോളറായിരുന്നു. ഇത് 2.5 ശതമാനം കുറവാണ്. നേരിയ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് കാലത്തുള്ള സാമ്പത്തിക പ്രതിസന്ധി ഇൻഷുറൻസ് കമ്പനികൾക്ക് മറികടക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വൈറസ് വ്യാപനത്തിന്റെ  പ്രതികൂല ഫലങ്ങളെയും  പ്രത്യാഘാതങ്ങളെയും  ഒഴിവാക്കാൻ കുവൈത്തിലെ  ഇൻഷുറൻസ് കമ്പനികൾക്ക് കഴിഞ്ഞുവെന്ന് ഇത് സൂചിപ്പിക്കുന്നു.

അതേസമയം  രണ്ടാം പാദത്തിൽ കുവൈത്തിലെ  ഇൻഷുറൻസ് മേഖല 9.4 ദശലക്ഷം ഡോളർ ലാഭം നേടിയിരുന്നു. എന്നിരുന്നാലും ചില കമ്പനികൾക്ക് രണ്ടാംപാദത്തിൽ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020 ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ കമ്പനികളിൽ ഒന്നാണ്  ഗൾഫ് ഇൻഷുറൻസ് കമ്പനി.  ഒന്നാമതെത്തിയ ഗൾഫ് ഇൻഷുറൻസ് 13.09 ദശലക്ഷം കെഡി ലാഭം നേടിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 10.7 ദശലക്ഷം കെഡിയുടെ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 22.3 ശതമാനം വളർച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

Related News