നിർത്തിയിട്ട ബൈക്കിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടി ദുബൈ പൊലീസ്

  • 30/03/2021

ദുബൈ: നിർത്തിയിട്ട ബൈക്കിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടി ദുബൈ പൊലീസ്. കുറ്റകൃത്യങ്ങൾ തടയുന്നതിൽ ജാഗ്രത പുലർത്തിയ രണ്ട് ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് ആദരിച്ചു. പൊലീസ് ഓഫിസർ സാലിം അബ്ദുല്ല അൽ ബലൂഷി, ഫസ്റ്റ് ഓഫീസർ അഹമ്മദ് മൻസൂർ സമന്ദർ എന്നിവരെയാണ് ബർ ദുബൈ പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടര് കേണൽ റാഷിദ് അൽ ഷെഹി ആദരിച്ചത്.

ബർ ദുബൈ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിൾ നിർത്തിയിട്ട ശേഷം ഷോപ്പിങ് നടത്തുകയായിരുന്നു വിദേശി. ഇതിനിടെയാണ് ബൈക്കിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ പ്രതി കവർന്നത്. മോഷണം നടന്നതറിഞ്ഞ വിദേശി ഇക്കാര്യം പൊലീസിൽ അറിയിച്ചു. തുടർന്ന് രണ്ട് പൊലീസുകാർ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലെത്തി ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നെന്ന് കേണൽ റാഷിദ് അൽ ഷെഹി പറഞ്ഞു.

1999 മുതൽ ദുബൈയിൽ സ്ഥിരതാമസമാക്കിയതാണ് വിദേശി. മോഷണം പോയ സാധനങ്ങൾ തിരികെ ഏൽപ്പിച്ച പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നിർദ്ദേശപ്രകാരമാണ് പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ ആദരിച്ചത്. ദുബൈ പൊലീസ് ജനറൽ കമാൻഡ് പ്രകടിപ്പിക്കുന്ന പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഈ സംഭവമെന്ന് അൽ മൻസൂരി കൂട്ടിച്ചേർത്തു.

Related News