അഞ്ചു മണിക്കൂറിൽ കൂടുതൽ ക്ലാസുകൾ പാടില്ല: സ്വകാര്യ സ്‌കൂളുകൾ റംസാൻ കാലത്ത് പാലിക്കേണ്ട നിബന്ധനകൾ പുറത്തിറക്കി യു.എ.ഇ

  • 03/04/2021

അബൂദാബി, ദുബായ് , ഷാർജ എന്നീ എമിറേറ്റുകളിലെ സ്കൂളുകൾ റംസാൻ മാസത്തിൽ പാലിക്കേണ്ട നിയമങ്ങളാണ് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കുട്ടികൾക്ക് ഹോം വർക്കുകകളും അസൈൻമെൻറുകളും ലഘൂകരിക്കാൻ നിർദേശമുണ്ട്. ദുബായിൽ സ്വകാര്യ സ്കൂളുകളിൽ അഞ്ചു മണിക്കൂറിൽ കൂടുതൽ ക്ലാസുകൾ പാടില്ല. രക്ഷിതാക്കളുമായി ആലോചിച്ച്‌ തുടക്കസമയവും ഒടുക്കവും തീരുമാനിക്കാൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ട്.

ആരാധനകൾക്ക് കൂടുതൽ സമയമെടുക്കുന്ന ദിനരാത്രങ്ങളായതിനാൽ വിദ്യാർഥികൾക്ക് ഹോംവർക്, അസൈൻമെൻറുകൾ നൽകുന്നതിൽ പരിഗണനയുണ്ടാകണം. അബൂദാബിയിലും സ്കൂൾ സമയം അഞ്ചു മണിക്കൂറിൽ കൂടുതലാകാൻ പാടില്ലെന്ന് വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പ് അറിയിച്ചു. റംസാൻ നിർദേശങ്ങളടങ്ങിയ ഗൈഡ്ലൈൻസ് വകുപ്പ് സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. രാവിലെ 9.30ന് മുമ്ബ് ക്ലാസുകൾ ആരംഭിക്കരുതെന്നും വൈകുന്നേരം 3.30ന് മുമ്ബായി അവസാനിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.

ഏപ്രിൽ എട്ടിന് വസന്തകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതോടെ നിയന്ത്രണങ്ങൾ നിലവിൽ വരും. ഷാർജയിൽ സ്‌കൂൾ സമയം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയായിരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാവിലെ ഒമ്ബതിന് മുമ്ബായി സ്കൂളുകൾ ആരംഭിക്കാൻ പാടില്ല. അതേസമയം, സമയം മൂന്ന് മണിക്കൂറിൽ കുറയാതെയും അഞ്ച് മണിക്കൂറിൽ കൂടാതെയും ക്രമീകരിക്കണമെന്നും എസ്.പി.ഇ.എ കൂട്ടിച്ചേർത്തു. നിർദേശിക്കപ്പെട്ട പ്രകാരമുള്ള പ്രവൃത്തിസമയം നിലനിർത്തുന്നതിന് സ്കൂളുകൾ ഹോംവർക്ക്, പ്രോജക്ടുകൾ, പരീക്ഷകൾ എന്നിവ കുറക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Related News