മാധ്യമപ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

  • 23/04/2020

തിരുവനന്തപുരം : ലോക്‌ഡൗൺ കാലം സംസ്ഥാനത്ത്‌ മാധ്യമപ്രവർത്തകർക്ക്‌ പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ പറഞ്ഞു. ജില്ലയിൽ രണ്ടിടത്ത്‌ മാധ്യമപ്രവർത്തകർക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട്‌ ധരിപ്പിക്കാനെത്തിയ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾക്കാണ്‌ ഡിജിപി ഉറപ്പു നൽകിയത്‌. തട്ടത്തുമലയിൽ മലയാള മനോരമയിലെ ജോഷി ജോൺ മാത്യുവിനും ശ്രീകാര്യത്ത്‌ ഫോട്ടോഗ്രാഫർമാരായ ജയമോഹൻ (തൽസമയം), ഷിജുമോൻ (ദീപിക) എന്നിവർക്കും പൊലീസിൽനിന്നുണ്ടായ ദുരനുഭവം ഡിജിപിയുടെ സ്‌പെഷ്യൽ ടീം ഡിവൈഎസ്‌പി രാജ്‌കുമാർ അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. അവശ്യസേവന വിഭാഗത്തിൽപ്പെട്ട മാധ്യമപ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊലീസ്‌ മേധാവി ഇറക്കിയ ഉത്തരവിന്റെ കാര്യവും അദ്ദേഹം പൊലീസിനെ ഓർമിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്‌, സംസ്ഥാന കമ്മിറ്റിയംഗം എ എസ് സജു എന്നിവരാണ്‌ പൊലീസ്‌ മേധാവിയെ കണ്ടത്‌.

Related News